എംബാപ്പെയെ പോലെ ഒന്നുമല്ല, അവന്‍ ഹാപ്പിയായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല; മെസിയെ പുകഴ്ത്തി പി.എസ്.ജി കോച്ച്
Sports News
എംബാപ്പെയെ പോലെ ഒന്നുമല്ല, അവന്‍ ഹാപ്പിയായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല; മെസിയെ പുകഴ്ത്തി പി.എസ്.ജി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd October 2022, 7:47 pm

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസത്തെ മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി പി.എസ്.ജി കോച്ച് ക്രിസ്‌റ്റൊഫെ ഗാള്‍ട്ടിയര്‍. ഒ.ജി.സി നൈസിനെതിരായ മത്സരത്തില്‍ മികച്ച ഒരു ഫ്രീ കിക്കിലൂടെ മെസിയായിരുന്നു ഗോളടി തുടങ്ങിവെച്ചത്.

മത്സരത്തിന്റെ 29ാം മിനിട്ടിലായിരുന്നു മെസിയുടെ ഫ്രീ കിക്ക് ഗോള്‍. 25 യാര്‍ഡ് അകലെ നിന്നെടുത്ത് കിക്ക് നൈസ് ഗോള്‍ കീപ്പറെ നിഷ്പ്രഭനാക്കി വലയിലേക്ക് തുളച്ചുകയറുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഗാള്‍ട്ടിയര്‍ താരത്തെ പുകഴ്ത്തി രംഗത്ത് വന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു ഗാള്‍ട്ടിയര്‍ മെസിയെ കുറിച്ച് പറഞ്ഞത്.

മെസി സെല്‍ഫ്‌ലെസ്സായ കളിക്കാരനാണെന്നും ഏതൊരു നിമിഷവും കളി തിരിക്കാന്‍ സാധിക്കുന്ന താരമാണെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു.

‘മെസി രാവിലെ തന്നെ ട്രെയിനിങ്ങിനിറങ്ങുന്നത് കാണുന്നത് തന്നെ എന്നെ സംബന്ധിച്ച് ഏറെ സന്തോഷമാണ് നല്‍കുന്നത്. അവന്‍ നിസ്വാര്‍ത്ഥനായ കളിക്കാരനാണ്. എല്ലായ്‌പ്പോഴും ഗോളടിച്ചുകൊണ്ട് കളിയെ സജീവമാക്കുന്നവനാണ്.

അവന്‍ വീണ്ടും വീണ്ടും സ്‌കോര്‍ ചെയ്യാനുള്ള അഭിരുചി നേടുന്നു. അവന് ലോകത്തിലെ മികച്ച കളിക്കാരനാവാന്‍ സാധിക്കുമോ? ഉറപ്പായും സാധിക്കും.

ഈ സമ്മറില്‍ അവന്‍ മികച്ച ഫോമിലായിരുന്നു. അവന്‍ വളരെ മികച്ച കളിയാണ് പുറത്തെടുക്കുന്നത്. അവന്‍ സന്തോഷവാനാണ്. എപ്പോഴൊക്കെ അവന്‍ സന്തോഷവാനായിരിക്കുന്നുവോ, അപ്പോഴെല്ലാം അവന്‍ മികച്ച കളി പുറത്തെടുക്കും,’ ഗാള്‍ട്ടിയര്‍ പറയുന്നു.

കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പി.എസ്.ജി എതിരാളികളെ പരാജയപ്പെടുത്തിയത്. 29ാം മിനിട്ടില്‍ മെസിയായിരുന്നു പി.എസ്.ജിക്കായി ആദ്യം സ്‌കോര്‍ ചെയ്തത്.

ആദ്യ പകുതിയില്‍ പിന്നിലായ നൈസ്, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പി.എസ്.ജിയെ ഞെട്ടിച്ചു. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിട്ടില്‍ ലബോര്‍ഡെയിലൂടെ നൈസ് തിരിച്ചടിച്ചു.

ഒടുവില്‍ മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ ഏഴ് മിനിട്ട് ബാക്കി നില്‍ക്കെ എംബാപ്പെയായിരുന്നു പി.എസ്.ജിക്കായി വിജയ ഗോള്‍ കണ്ടെത്തിയത്.

ഇതോടെ ഒമ്പത് മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു സമനിലയുമടക്കം 25 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും പി.എസ്.ജിക്കായി.

ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ബെന്‍ഫിക്കയുടെ തട്ടകമായ ലൂസ് സ്റ്റേഡിയത്തില്‍ (Estádio da Luz) ഒക്ടോബര്‍ ആറിനാണ് മത്സരം.

 

Content highlight: PSG coach Christophe Galtier praises Lionel Messi