| Monday, 29th August 2022, 6:08 pm

വീണ്ടും ഒരു അടി പ്രതീക്ഷിച്ച് പി.എസ്.ജി കോച്ച്, എന്നാല്‍ ഗ്രൗണ്ടില്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണിലെ നാലാം മത്സരത്തിലാണ് ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയുടെ തുടര്‍വിജയങ്ങളുടെ ഘോഷയാത്രക്ക് വിരാമമായത്. ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച ശേഷം മൊണാക്കോക്കെതിരായ നാലാം മത്സരത്തില്‍ പി.എസ്.ജി സമനിലയില്‍ കുരുങ്ങുകയായിരുന്നു.

1-1നായിരുന്നു പോയിന്റ് ടേബിളിലെ ഒന്നാമന്‍മാര്‍ മൊണോക്കോയോട് സമനില വഴങ്ങിയത്. ഏറെ നേരം പുറകില്‍ നിന്ന ശേഷമായിരുന്നു പി.എസ്.ജി ഗോള്‍ മടക്കിയത്.

മത്സരത്തിന്റെ 20ാം മിനിട്ടിലായിരുന്നു മൊണാക്കോ മുമ്പിലെത്തിയത്. കെവിന്‍ വോളണ്ടായിരുന്നു മൊണാക്കോയുടെ ഗോള്‍ സ്‌കോറര്‍. തുടര്‍ന്ന് നിരവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും പി.എസ്.ജിക്ക് മുതലാക്കാനായില്ല.

ഒടുവില്‍ ആദ്യ ഗോളിനായി പി.എസ്.ജിക്ക് 70ാം മിനിട്ട് വരെ കാത്തരിക്കേണ്ടി വന്നു. നെയ്മറിനെ മൊണാക്കന്‍ താരം ഗള്ളിയര്‍മോ മാരിപാന്‍ ഫൗള്‍ ചെയ്ത വകയില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെയായിരുന്നു പി.എസ്.ജിയുടെ ഗോള്‍ പിറന്നത്. നെയ്മര്‍ തന്നെയായിരുന്നു ഗോള്‍ സ്‌കോറര്‍.

പെനാല്‍ട്ടി എടുക്കുന്നതിനെ സംബന്ധിച്ച് എംബാപ്പെയും നെയ്മറും തമ്മില്‍ ഗ്രൗണ്ടില്‍ വെച്ച് തന്നെ ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ ഇരുവര്‍ക്കുമിടയില്‍ പെനാല്‍ട്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വാക്കുതര്‍ക്കത്തിലായിരുന്നു കലാശിച്ചത്.

മോണ്ട്‌പെല്ലയറിനെതിരെയായിരുന്നു ഇരുവരും പെനാല്‍ട്ടിയെ ചൊല്ലി തര്‍ക്കമായത്. ആദ്യ പെനാല്‍ട്ടി തുലപ്പിച്ച എംബാപ്പെ വീണ്ടും പെനാല്‍ട്ടിയെടുക്കാന്‍ വന്നപ്പോള്‍ അതിനനുവദിക്കാതെ നെയ്മര്‍ കിക്കെടുക്കുകയും എംബാപ്പെ കലിപ്പാവുകയുമായിരുന്നു.

മൊണാക്കോക്കെതിരായ മത്സരത്തിലും പെനാല്‍ട്ടിക്ക് വേണ്ടി ഇരുവരും ചര്‍ച്ച ചെയ്യുന്നത് കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പി.എസ്.ജി കോച്ച് ക്രിസ്റ്റഫെ ഗാള്‍ട്ടിയറിന്റെ നെഞ്ചിടിപ്പ് വര്‍ധിച്ചുകാണണം.

താരങ്ങള്‍ക്കിടയിലെ ഈഗോ ക്ലാഷ് ഏകദേശം അവസാനിച്ച് പി.എസ്.ജി ഒരു ടീം എന്ന നിലയില്‍ മാറിവരുന്ന സമയത്ത് ഒരു പൊട്ടിത്തെറി ഗാള്‍ട്ടിയറിന് താങ്ങാന്‍ സാധിക്കുന്നതായിരുന്നില്ല.

എന്നാല്‍, ഗാള്‍ട്ടിയറിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് നെയ്മറിനെ കിക്കെടുക്കാന്‍ എംബാപ്പെ അനുവദിക്കുകയായിരുന്നു. ആ അവസരം മുതലാക്കിയ നെയ്മര്‍ പി.എസ്.ജിയുടെ രക്ഷകനാവുകയായിരുന്നു.

മത്സരശേഷം നെയ്മര്‍ കിക്കെടുത്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഈ മത്സരത്തില്‍ എംബാപ്പെ ഒന്നാമതും നെയ്മര്‍ രണ്ടാമതും കിക്കെടുക്കാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അവര്‍ തമ്മില്‍ എന്തോ ഡിസ്‌കസ് ചെയ്യുന്നത് ഞാന്‍ കണ്ടു. അതിന് ശേഷം നെയ്മര്‍ കിക്കെടുക്കുകയും സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഗോള്‍ സ്‌കോര്‍ ചെയ്തതിന് കിലിയന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതും ഞാന്‍ കണ്ടു,’ അദ്ദേഹം പറയുന്നു.

വരാനിരിക്കുന്ന മത്സരത്തിലും ഇതേ രീതിയില്‍, ഒരു ടീം ആയി കളിച്ചാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കാന്‍ പി.എസ്.ജിക്കാവും. ടൗലോസിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

Content Highlight: PSG coach Christophe Galtier explains why Neymar took penalty ahead of Kylian Mbappe

We use cookies to give you the best possible experience. Learn more