'സൂപ്പര്‍താരത്തെ സൈന്‍ ചെയ്യിക്കുന്നതുവരെ ക്ലബ്ബില്‍ തുടരണം'; മെസിയോട് ആവശ്യം ഉന്നയിച്ച് പി.എസ്.ജി
Football
'സൂപ്പര്‍താരത്തെ സൈന്‍ ചെയ്യിക്കുന്നതുവരെ ക്ലബ്ബില്‍ തുടരണം'; മെസിയോട് ആവശ്യം ഉന്നയിച്ച് പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th April 2023, 5:52 pm

ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സൂപ്പര്‍താരം ഹാരി കെയ്‌നുമായി സൈനിങ് നടത്തുന്നതുവരെ മെസി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക് തുടങ്ങി മുന്‍നിര ക്ലബ്ബുകള്‍ നോട്ടമിട്ട സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നെ പി.എസ്.ജി മോഹവില കൊടുത്ത് സ്വന്തമാക്കാനൊരുങ്ങുകയാണെന്നും മെസിയുടെ പകരക്കാരനായാണ് കെയ്‌നെ പി.എസ്.ജി പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ആല്‍ഫ്രെഡോ മാര്‍ട്ടിനെസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ കെയ്ന്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ സ്പഴ്‌സുമായി താരം പിരിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊട്ടുപിന്നാലെയാണ് താരത്തെ വലംവെച്ച് പി.എസ്.ജി അടക്കമുള്ള ക്ലബ്ബുകള്‍ രംഗത്തെത്തിയത്.

മെസിയുടെ വിടവാങ്ങലോടെ ശോഷിച്ചുപോകാന്‍ സാധ്യതയുള്ള പി.എസ്.ജിയുടെ അറ്റാക്കിങ് നിരയിലേക്ക് ഒത്തപ്പകരക്കാരനെ എത്തിക്കാനാണ് പാരീസിയന്‍സിന്റെ ശ്രമം. വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ്ബ് വിട്ട് ഫ്രീ ഏജന്റാകുന്ന കെയ്ന്‍ തങ്ങളുടെ ഓഫര്‍ സ്വീകരിക്കുമെന്നാണ് പി.എസ്.ജിയുടെ വിശ്വാസം.

അതേസമയം, ലയണല്‍ മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ക്ലബ്ബില്‍ തുടരുമോ എന്നുള്ള കാര്യത്തില്‍ താരം വ്യക്തത നല്‍കിയിട്ടില്ല.

തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങാനാണ് മെസി പദ്ധതിയിടുന്നതെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിഷയത്തില്‍ മെസി തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

ഇതിനകം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് മെസിക്ക് 400 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരിയറിന്റെ അവസാനഘട്ടത്തിലാണെന്നിരിക്കെ യൂറോപ്പില്‍ തന്നെ കളിച്ച് വിരമിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: PSG asks Lionel Messi to stay at the club until Harry Kane joins there