സൂപ്പര്‍താരങ്ങളോട് പബ്ലിക്കിന് മുമ്പിലെങ്കിലും മര്യാദ കാണിക്കാന്‍ ആവശ്യപ്പെട്ട് പി.എസ്.ജി; റിപ്പോര്‍ട്ടുകള്‍
Football
സൂപ്പര്‍താരങ്ങളോട് പബ്ലിക്കിന് മുമ്പിലെങ്കിലും മര്യാദ കാണിക്കാന്‍ ആവശ്യപ്പെട്ട് പി.എസ്.ജി; റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th August 2022, 8:15 am

കഴിഞ്ഞ കുറച്ചുനാളായി ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ തലക്കെട്ടാണ് പി.എസ്.ജിയും സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും. ഫ്രാന്‍സ് സൂപ്പര്‍താരം കിലിയന്‍ എംബാപെയും ബ്രസീലിയന്‍ ഇതിഹാസം നെയ്മര്‍ ജൂനിയറും തമ്മിലുള്ള ഈഗോയാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാനം.

ലീഗ് വണ്ണിലെ മോണ്ട്‌പെല്ലിയറിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ പി.എസ്.ജി 5-2ന് ജയിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തിലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. മത്സരത്തിലെ ആദ്യ പെനാല്‍ട്ടി എംബാപെ പുറത്തടിച്ച് കളഞ്ഞിരുന്നു. ടീമിന് ലഭിച്ച രണ്ടാം പെനാല്‍ട്ടി എംബാപെയെ മറികടന്ന് നെയ്മര്‍ അടിക്കുകയായിരുന്നു. നെയ്മര്‍ ഇത് ഗോള്‍ ആക്കുകയും ചെയ്തു.

ഇതില്‍ എംബാപെക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. മത്സരത്തിന് ശേഷം ഇത് ഡ്രസിങ് റൂമിലും നീണ്ടുനിന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സൂപ്പര്‍താരം ലയണല്‍ മെസിയും നെയ്മറും തമ്മിലുള്ള ബന്ധം എംബാപെയുടെ ഡ്രസിങ് റൂമിലെ വില കുറക്കുന്നു എന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം എംബാപെയോടും നെയ്മറിനോടും മര്യാദക്ക് കളിക്കാന്‍ പി.എസ്.ജി ആവശ്യപ്പെട്ടെന്നാണ്. തമ്മിലുള്ള പ്രശ്‌നങ്ങളൊന്നും പബ്ലിക്കിനെ അറിയിക്കേണ്ടതില്ലെന്നാണ് പി.എസ്.ജി ഇരുവരെയും അറിയിച്ചത്. മീഡിയയുടെ മൊത്തം തലക്കെട്ടും ഇതിനെ ചുറ്റിപറ്റിയാണെന്നും അതിനാല്‍ പബ്ലിക്കിനെ കാണിക്കാനെങ്കിലും മര്യാദ കാണിക്കാന്‍ ഇരുവരോടും പി.എസ്.ജി ആവശ്യപ്പെട്ടു.

പി.എസ്.ജിയുടെ മൊത്തം സ്‌ക്വാഡിന്റെ മുന്നില്‍ വെച്ചാണ് പി.എസ്.ജിയിലെ ഉയര്‍ന്ന മുതലാളിമാരടക്കം ഇത് ആവശ്യപ്പെട്ടത്. ഇരുവരും തമ്മിലുള്ള പ്രശ്‌നം എത്ര രൂക്ഷമായാലും കളിക്കളത്തില്‍ അത് കാണരുത് എന്ന് തന്നെയാണ് ഒരുപാട് പേര്‍ ഉപദേശിച്ചത്.

നേരത്തെ മൂന്ന് വര്‍ഷത്തെ കരാറിനൊപ്പം ടീമില്‍ അധികാരമെടുക്കാനുള്ള അവകാശവും എംബാപെക്ക് നല്‍കിയിരുന്നു. ഇത് അദ്ദേഹത്തെ അഹങ്കാരിയാക്കുന്നു എന്നാണ് അരാധകരുടെ വാദം.

അതേസമയം ലില്ലെ ആയിട്ടാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ലീഗിലെ രണ്ട് മത്സരവും വിജയിച്ച പി.എസ്.ജി പോയിന്റെ ടേബിളില്‍ ഒന്നാമതാണ് നിലവില്‍.

Content Highlight: Psg asked Neymar and Mbape to atleast  play nice in public to avoid media attention