| Thursday, 18th May 2023, 11:21 am

സൂപ്പര്‍ ട്രയോ ഇനിയില്ല; ഫ്രഞ്ച് വമ്പന്മാരുടെ അറ്റാക്കിങ് നിരയില്‍ അടുത്തതാര്?

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് 2025 വരെ ക്ലബ്ബുമായി കരാര്‍ ഉണ്ടെങ്കിലും വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ താരം ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടെ പാരീസിയന്‍ ക്ലബ്ബിന്റെ അറ്റാക്കിങ് നിരയില്‍ ശോഭിച്ചുനിന്ന സൂപ്പര്‍ ട്രയോയില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ മാത്രമാണ് ശേഷിക്കുക. മെസിയുടെയും നെയ്മറിന്റെയും വിടവ് ടീമിനെ അടപടലം ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരുവര്‍ക്കും ഒത്ത പകരക്കാരെ തെരഞ്ഞുപിടിക്കുന്ന തത്രപ്പാടിലാണ് പി.എസ്.ജി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മെസിക്ക് പകരം ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഇംഗ്ലണ്ട് സൂപ്പര്‍താരം ഹാരി കെയ്‌നെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ലീഗ് വണ്ണിന്റെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമപ്രകാരം കെയ്‌നെ പാരീസിയന്‍സിന് സൈന്‍ ചെയ്യിക്കാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സെപ്തംബറില്‍ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ലംഘിച്ചതിന് യുവേഫ പി.എസ്.ജിക്ക് പിഴ ചുമത്തിയിരുന്നു.

കൂടുതല്‍ പിഴ ഈടാക്കാതിരിക്കാന്‍ ചെലവ് ചുരുക്കുകയെന്നതാണ് ഇപ്പോള്‍ പി.എസ്.ജിക്ക് മുന്നിലുള്ള ഏക മാര്‍ഗം. അങ്ങനെയെങ്കില്‍ മെസിയുടെയും നെയ്മറിന്റെയും വിടവാങ്ങല്‍ പി.എസ്.ജിക്ക് സാമ്പത്തികമായി ലാഭമുണ്ടാക്കും. ഉയര്‍ന്ന ട്രാന്‍സ്ഫര്‍ ഫീസാണ് കെയ്‌നെ സ്വന്തമാക്കുന്നതിന് പി.എസ്.ജിക്ക് വിലങ്ങുതടിയായത്.

അതേസമയം, പി.എസ്.ജിക്ക് പുറമെ കെയ്‌നെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബയേണ്‍ മ്യൂണിക്ക് എന്നീ ക്ലബ്ബുകളും രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും, ചാമ്പ്യന്‍സ് ലീഗില്‍ കന്നി കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഒത്ത കളിക്കാരനെ ക്ലബ്ബിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് പി.എസ്.ജി.

Content Highlights: PSG are in search of attacking players to replace Lionel Messi and Neymar

We use cookies to give you the best possible experience. Learn more