ഫ്രഞ്ച് കപ്പില്‍ മാഴ്‌സെക്കെതിരെ നടന്ന മത്സരത്തില്‍ തോല്‍വി വഴങ്ങി പി.എസ്.ജി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഴ്‌സെ കീഴപ്പെടുത്തിയതോടെ പി.എസ്.ജി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. കഴിഞ്ഞ തവണയും കിരീടം നേടാനാകാതെയായിരുന്നു പി.എസ്.ജിയുടെ മടക്കം.
ഫ്രഞ്ച് കപ്പില്‍ നിലനില്‍ക്കുന്ന നിയമപ്രകാരം പ്രീ ക്വാര്‍ട്ടര്‍ മുതലുള്ള മത്സരത്തിനായി ഇറങ്ങുന്ന ടീമിലെ താരങ്ങള്‍ ഒന്ന് മുതല്‍ 11 വരെ നമ്പറിലെ ജേഴ്സികള്‍ മാത്രമേ ഉപയോഗിക്കാവൂ. അതുകൊണ്ട് മുപ്പതാം നമ്പര്‍ ജേഴ്സിക്ക് പകരം മെസി പത്തും നെയ്മര്‍ പതിനൊന്നും നമ്പര്‍ ജേഴ്‌സികളണിഞ്ഞായിരുന്നു മത്സരത്തിനിറങ്ങിയിരുന്നത്.
മത്സരത്തിന്റെ 31ാം മിനിട്ടില്‍ അലക്‌സിസ് സാഞ്ചസിന്റെ പെനാല്‍ട്ടി ഗോളിലൂടെ മാഴ്‌സെ ലീഡുയര്‍ത്തി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അഭാവത്തില്‍ ഇറങ്ങിയ പി.എസ്.ജിക്കായി സെര്‍ജിയോ റാമോസ് ആണ് ആശ്വാസ ഗോള്‍ നേടിയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പി.എസ്.ജിയുടെ ഗോള്‍. 57ാം മിനിട്ടിലാണ് മാലിനോവ്‌സ്‌കിയുടെ ഗോള്‍ പിറന്നത്. തന്റെ കാലിലേക്ക് ലഭിച്ച പന്ത് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നല്‍കാന്‍ പി.എസ.ജിക്ക് സാധിച്ചില്ല.
എംബാപ്പെയുടെ അഭാവം പി.എസ്.ജിക്ക് തിരിച്ചടിയാവുകയായിരുന്നു. ലയണല്‍ മെസിക്കും നെയ്മറിനും മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. മത്സരത്തിന് ശേഷം കടുത്ത പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് പി.എസ്.ജി ആരാധകര്‍.
എംബാപ്പെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും മെസിയും നെയ്മറും തോല്‍ക്കുമെന്നുറപ്പായിരുന്നെന്നും അവര്‍ പറഞ്ഞു. ഇരുവരെയും പുറത്താക്കി എംബാപ്പെയെ വെച്ച് കോച്ച് ഒരു ടീം ഉണ്ടാക്കുന്നതാണ് നല്ലതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ലയണല്‍ മെസിയെ സംബന്ധിച്ച് കരിയറില്‍ കളിക്കുകയും കിരീടം നേടാന്‍ കഴിയാതിരിക്കുകയും ചെയ്തിട്ടുള്ള ഒരേയൊരു ടൂര്‍ണമെന്റ് മാത്രമാണുള്ളത്. ഫ്രഞ്ച് കപ്പിലാണ് മെസി ഇതുവരെയും കിരീടം നേടാത്തത്. ഇത്തവണയും അത് നേടാന്‍ മെസിക്ക് സാധിക്കാതെ പോവുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഫെബ്രുവരി 14നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: PSG are eliminated from the Coupe de France by Marseille in the round of 16