| Tuesday, 25th July 2023, 7:23 pm

മെസ്സിയില്ലാത്ത പി.എസ്.ജിയെ പൂട്ടി റൊണാള്‍ഡോയുടെ അറബ് മുത്തുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സൗദി ലീഗ് മുന്‍ ചാമ്പ്യന്മാരായ അല്‍ നസര്‍. ജപ്പാനിലെ നഗായി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍വല കുലുക്കാന്‍ സാധിച്ചില്ല.

ഇരു ടീമുകള്‍ക്കും തുറന്ന അവസരങ്ങള്‍ പലതും ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ക്രിസ്റ്റിയാനോയുടെ ബൈസിക്കിള്‍ കിക്ക് മത്സരത്തില്‍ കണ്ടെങ്കിലും പി.എസ്.ജി ഗോള്‍കീപ്പര്‍ ഡോണരുമയെ തോല്‍പ്പിക്കാന്‍ അത് മതിയായിരുന്നില്ല. ജപ്പാന്‍ പര്യടനത്തില്‍ വ്യാഴാഴ്ച ഇന്റര്‍ മിലാനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

മെസ്സിയും എംബാപ്പെയുമില്ലാത്ത പി.എസ്.ജി തന്നെയാണ് കളത്തില്‍ കൂടുതല്‍ മികവുറ്റ ആക്രമണങ്ങള്‍ നടത്തിയതെങ്കിലും ഒരു മുന്നേറ്റം പോലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. നെയ്മറും ഇന്ന് കളത്തിലിറങ്ങിയില്ല. പോര്‍ച്ചുഗലില്‍ നടന്ന രണ്ട് പ്രീ-സീസണ്‍ മത്സരങ്ങളും തോറ്റ് വരുന്ന അല്‍ നസര്‍ പക്ഷേ ഇന്ന് മികച്ച പ്രതിരോധമാണ് പുറത്തെടുത്തത്.

ഗോള്‍ കീപ്പര്‍ നവാഫ് അലാക്വിദി മികച്ച സേവുകളുമായി സൗദി ടീമിന്റെ രക്ഷയ്‌ക്കെത്തി. 2023-24 സീസണിലേക്കുള്ള പുതിയ ജഴ്‌സിയില്‍ കളത്തിലിറങ്ങിയ അല്‍ നസറിന് വേണ്ടി പ്രതിരോധ നിര മികച്ച പ്രകടനമാണ് നടത്തിയത്.

അല്‍ നസര്‍ നിരയില്‍ പുതുതായി ടീമിലെത്തിയ ഏതാനും താരങ്ങള്‍ അരങ്ങേറിയ മത്സരം കൂടിയായിരുന്നു ഇത്. സെകോ ഫൊഫാന, അലക്‌സ് ടെല്ലസ് എന്നിവര്‍ ഇന്ന് റൊണാള്‍ഡോക്കൊപ്പം പന്തു തട്ടി. ഫൊഫാന-മാര്‍സെലോ ബ്രോസോവിച് സഖ്യം മധ്യനിരയില്‍ പ്രതീക്ഷയേകുന്ന മുന്നേറ്റങ്ങള്‍ പലതും നടത്തിയിരുന്നു.

അതേസമയം, പി.എസ്.ജി നിരയില്‍ കിലിയന്‍ എംബാപ്പെയുടെ ഇളയ സഹോദരന്‍ ഈഥന്‍ എംബാപ്പെക്ക് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കളിക്കാന്‍ അവസരം ലഭിച്ചു. ചില യുവതാരങ്ങള്‍ക്കും പി.എസ്.ജി കോച്ച് ലൂയിസ് എന്റിക് അവസരം നല്‍കി. നോഹ ലെമിന മികച്ച നീക്കങ്ങളിലൂടെ എതിരാളികള്‍ക്ക് തലവേദന സൃഷ്ടിച്ചു.

Content Highlights: psg-al nassr match draw, cristiano ronaldo’s bicycle kick didn’t netted
We use cookies to give you the best possible experience. Learn more