| Tuesday, 21st February 2023, 8:06 am

പി.എസ്.ജിയില്‍ വന്‍ അഴിച്ചുപണി; സൂപ്പര്‍ ട്രയോയിലേക്ക് അഞ്ച് പകരക്കാരെ ഷോര്‍ട് ലിസ്റ്റ് ചെയ്തു

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയില്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നിവരടങ്ങിയ അറ്റാക്കിങ് നിരയില്‍ അഴിച്ചുപണി നടത്തുന്നതായി റിപ്പോര്‍ട്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് പകരക്കാരെ കൊണ്ടുവരുന്നതായാണ് റിപ്പോര്‍ട്ട്.

അതിനുവേണ്ടി അഞ്ച് താരങ്ങളെ ഷോര്‍ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആര്‍.എം.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എംബാപ്പെയെ നിലനിര്‍ത്തിക്കൊണ്ടുള്ള അഴിച്ചുപണിക്കാണ് പി.എസ്.ജി ശ്രമിക്കുന്നത്. മെസി, എംബാപ്പെ എന്നിവരിലൊരാള്‍ ക്ലബ്ബില്‍ നിന്ന് പുറത്തുപോകേണ്ടി വരും.

എ.എസ്. മൊണാക്കോയുടെ മിഡ്ഫീല്‍ഡര്‍ യൂസുഫ് ഫൊഫാന, ഒ.ജി.സി താരം കെഫ്രെന്‍ തുറാം, ബുണ്ടസ്‌ലിഗയുടെ താരങ്ങളായ റണ്ടാള്‍ കോളോ മുവാനി, മാര്‍ക്കസ് തുറാം, മനു കോനെ എന്നീ താരങ്ങളെയാണ് അടുത്ത സമ്മര്‍ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യിക്കുന്നതിനായി പി.എസ്.ജി ഷോര്‍ട് ലിസ്റ്റ  ചെയ്തിരിക്കുന്നത്.

നിലവിലെ അറ്റാക്കിങ് നിരയെ മാറ്റുന്നതിന് പിന്നില്‍ താരങ്ങളുടെ ഉയര്‍ന്ന വേതനമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മെസിയും, നെയ്മറും, എംബാപ്പെയും ഈ സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഈ സീസണില്‍ കളിച്ച 28 മത്സരങ്ങളില്‍ നിന്ന് 27 ഗോളുകളാും ആറ് അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം. 18 ഗോളുകളും 17 അസിസ്റ്റും നെയ്മര്‍ അക്കൗണ്ടിലാക്കിയപ്പോള്‍ 27 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം, ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലില്ലി ലോസ്‌കിനെ പി.എസ്.ജി കീഴ്പ്പെടുത്തിയിരുന്നു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം.

ആവേശം നിറഞ്ഞ പോരാട്ടത്തില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ നെയ്മര്‍, മെസി എന്നിവര്‍ ക്ലബ്ബിനായി ഓരോ ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

കളിയുടെ അവസാന നിമിഷങ്ങളില്‍ എംബാപ്പെയും മെസിയും സ്‌കോര്‍ ചെയ്ത ഗോളുകളിലാണ് പി.എസ്.ജി ജയം കണ്ടത്. കളിയുടെ അവസാന മിനിട്ടില്‍ മെസിയുടെ ഒരു മികച്ച സെറ്റ് പീസ് ഗോളും മത്സരത്തില്‍ സംഭവിച്ചിരുന്നു.

ഫെബ്രുവരി 27ന് മാഴ്സലെക്കെതിരെയുള്ള ഡെര്‍ബി മത്സരമാണ് പി.എസ്.ജിക്ക് അടുത്തതായി കളിക്കാനുള്ളത്.

Content Highlights: PSG aims to dismantle trio of Lionel Messi, Kylian Mbappe and Neymar

We use cookies to give you the best possible experience. Learn more