| Wednesday, 10th February 2021, 12:00 pm

പിന്‍വാതില്‍ നിയമനം; സെക്രട്ടറിയേറ്റിനകത്തേക്ക് ചാടിക്കയറി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍; പ്രതിഷേധം, അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളെന്നാരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് യുവമോര്‍ച്ച നടത്തിയ പ്രകടനം അക്രമാസക്തമായി.

സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറിയ യുവമോര്‍ച്ചാപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കയറിയത്.

വനിതകള്‍ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് പൊലീസിനെ വെട്ടിച്ച് കടന്നത്. സെക്രട്ടേറിയറ്റിനകത്ത് മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്.

റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്നതിനാല്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഗേറ്റിന് സമീപത്തുണ്ടായിരുന്ന പൊലീസുകാരെ മറികടന്നുകൊണ്ടാണ് പ്രതിഷേധക്കാര്‍ മതില്‍ ചാടിയത്.

വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ പൊലീസുമായി പ്രതിഷേധക്കാര്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതീകാത്മക ശവമഞ്ചം തീര്‍ത്തുള്ള പ്രതിഷേധമാണ് ഇന്ന് നടന്നത്. സി.പി.ഒ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരും ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുമാണ് സമരത്തിനെത്തിയത്. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PSC  Secreteraite Protest Yuvamaorcha Youth Congress

We use cookies to give you the best possible experience. Learn more