മലപ്പുറം: ഈ മാസം 23ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പി.എസ്.സി ഹയര്‍ സെക്കണ്ടറി അറബിക് അധ്യാപക പരീക്ഷക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു. മുസ്‌ലിം വിഭാഗത്തില്‍ നിന്നും കൂടുതല്‍ പേരെഴുതുന്ന പരീക്ഷ വെള്ളിയാഴ്ച ഉച്ചക്ക് നിശ്ചയിച്ചെതിനെതിരെയാണ് വിമര്‍ശനമുയരുന്നത്.
വെള്ളിയാഴ്ച പകല്‍ 11.15 മുതല്‍ 1.45വരെയാണ് പരീക്ഷ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് പരീക്ഷ എഴുതുന്ന ഭൂരിഭാഗം പേരുടെയും ജുമുആ നിസ്‌കാരം മുടങ്ങാന്‍ കാരണമാവുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്.
അതേസമയം, പരീക്ഷ സമയം മാറ്റണമെന്ന ആവശ്യവുമായി കേരള മുസലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയും എത്തിയിട്ടുണ്ട്. പരീക്ഷ ഉച്ചക്കായതിനാല്‍ ഭൂരിഭാഗം ആളുകളുടെയും ജുമുആ നമസ്‌കാരം തടസപ്പെടുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.