തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം 26ാം ദിവസത്തിലേക്ക് കടക്കവെ മീൻ വിൽപ്പന നടത്തി പ്രതിഷേധം. സമരത്തിൽ സർക്കാർ ഇടപെടാൻ വിമുഖത കാണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർത്ഥികൾ വ്യത്യസ്തമായ സമര പരിപാടികളുമായി രംഗത്തെത്തിയത്.
തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കിയത്.
ഉദ്യോഗാർത്ഥികൾ ഇന്ന് ഗവർണറെ കണ്ട് പരാതി നൽകുമെന്നാണ് സൂചന.
പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണ നൽകി ശോഭാ സുരേന്ദ്രൻ നടത്തിയ 48 മണിക്കൂർ ഉപവാസം അവസാനിച്ചു. കോൺഗ്രസ് എം.എൽ.എമാരായ ശബരീനാഥനും ഷാഫി പറമ്പിലും ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്.
അതേസമയം ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് പറഞ്ഞത്.
കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റിലക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. നിരവധിപേർക്കാണ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റത്.
കെ.എസ്.യു പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
പ്രദേശത്ത് ഇന്നും സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന സൂചനയുണ്ട്. ഇന്ന് കെ.എസ്.യു ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PSC rank holders strike passed 25 days, protests selling fish in front of secretariat