| Monday, 15th February 2021, 12:23 pm

പി.എസ്.സി സമരം ശക്തമാകുന്നു; സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ടുള്ള പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കൂടുതല്‍ ശക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞുകൊണ്ടുള്ള സമരമുറയാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

സമരത്തിനിടെ കുഴഞ്ഞുവീണ ഒരാളെ ആശുപത്രിയിലെത്തിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഉദ്യോഗാര്‍ത്ഥികളുടെ സമരം നടന്നുവരികയാണ്.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലാസ്റ്റ് ഗ്രേഡ്- സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവര്‍ ആരംഭിച്ച അനിശ്ചിതകാല സമരം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ സമരത്തിനെത്തുന്നുണ്ട്.

അതേസമയം ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതില്‍ തീരുമാനമെടുത്തില്ല. താല്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് ലിസ്റ്റിലുള്ളവരുടെ ആവശ്യവും മന്ത്രിസഭായോഗം പരിഗണിച്ചിട്ടില്ല. എന്നാല്‍, ചില വകുപ്പുകളില്‍ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ആയിട്ടുണ്ട്.

നിര്‍മിതി കേന്ദ്രത്തില്‍ 16 പേരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ടൂറിസം വകുപ്പിലും സ്ഥിരപ്പെടുത്തലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 90 താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ വകുപ്പുകള്‍ സൃഷ്ടിക്കാനും തീരുമാനിയിട്ടുണ്ട്.

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന്, ചട്ടങ്ങള്‍ പാലിക്കുന്നവ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥിരപ്പെടുത്താനുള്ള അപേക്ഷകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ ആറുമാസം നീട്ടിയിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ട നിലപാട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: PSC protest in Kerala latest updates

We use cookies to give you the best possible experience. Learn more