| Tuesday, 5th November 2024, 7:57 am

ഉദ്യോഗാര്‍ത്ഥിയുടെ ജാതിയില്‍ വ്യക്തതയില്ലെങ്കില്‍ അന്വേഷണം നടത്താന്‍ പി.എസ്.സിക്ക് അധികാരമില്ല: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉദ്യോഗാര്‍ത്ഥിയുടെ ജാതിയില്‍ സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി.എം. മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

ഉദ്യോഗാര്‍ത്ഥിയുടെ ജാതിയില്‍ വ്യക്തതയില്ലാത്ത പക്ഷം ആദ്യം സമീപിക്കേണ്ടത് റവന്യൂ വകുപ്പിനെയാണെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ എസ്.പി. അനു നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

നാടാര്‍ വിഭാഗത്തിനായി നീക്കിവെച്ച ഫയര്‍മാന്‍ തസ്തികയിലേക്കുള്ള നിയമനം നിഷേധിച്ചെന്നാണ് ഹരജി. താന്‍ മതം മാറിയെന്ന കാരണത്താലാണ് പി.എസ്.സി നിയമനം നിഷേധിച്ചതെന്നും എസ്.പി. അനു ഹരജിയില്‍ പറയുന്നു.

ഹരജിക്കാരന് 2015ല്‍ ജയില്‍ വാര്‍ഡനായി നിയമനം ലഭിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍മാന്‍ ആയി ജോയിന്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റില്‍ തിരിമറി കാണിച്ചുവെന്ന് ആരോപിച്ച് പി.എസ്.സി ഹരജിക്കാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.

പി.എസ്.സി ആരോപിക്കുന്നത് പ്രകാരം, അപേക്ഷ അയക്കുന്നതിന് മുന്നോടിയായി 2011ല്‍ പി.എസ്. അനു ക്രിസ്ത്യന്‍ മതത്തിലേക്ക് മതം മാറിയിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ 2014ല്‍ വീണ്ടും നാടാര്‍ വിഭാഗത്തിലേക്ക് മാറുകയുമായിരുന്നു. 2013ല്‍ ഇയാള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്യുകയുമുണ്ടായി.

ആരോപണങ്ങള്‍ക്ക് പിന്നാലെ അഡ്വൈസ് മെമ്മോ റദ്ദാക്കിയ പി.എസ്.സി ഹരജിക്കാരനെ തുടര്‍ന്ന് ജോലിക്കായി അപേക്ഷിക്കുന്നതിന് വിലക്കുകയും ചെയ്തു. പി.എസ്.സിയുടെ നടപടി അഡ്മിനിസ്‌ട്രേഷന്‍ ട്രൈബൂണല്‍ ശരിവെക്കുകയും ചെയ്തു.

ഹരജിക്കാരന്റെ വിവാഹം ഉള്‍പ്പെടെ കണക്കിലെടുത്താണ് അഡ്മിനിസ്‌ട്രേഷന്‍ ട്രൈബൂണല്‍ ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള വിലക്ക് ശരിവെച്ചത്. ഇതിനുപുറമെ 2014ല്‍ ആര്യസമാജം വഴി ഹരജിക്കാരന്‍ ഹിന്ദു മതം സ്വീകരിച്ചുവെന്ന വിഞ്ജാപനവും ട്രൈബൂണല്‍ പരിഗണിച്ചിരുന്നു.

എന്നാല്‍ താന്‍ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള യുവതിയെ വിവാഹം കഴിച്ചതിനാല്‍, അതിന്റെ ചടങ്ങുകളാണ് പളളിയില്‍ നടന്നതെന്നുമാണ് ഹരജിക്കാരന്റെ ഭാഗം. ട്രൈബൂണലിന്റെ നടപടിക്ക് പിന്നാലെയാണ് കേസ് ഹൈക്കോടതിയിലെത്തുന്നത്.

നിലവില്‍ പി.എസ്.സിയുടെ ഉത്തരവുകള്‍ കോടതി റദ്ദാക്കിയിരിക്കുകയാണ്. ഹരജിക്കാരന്റെ ജാതി നിര്‍ണയത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് പരാതി കൈമാറുന്നതിന് ഉത്തരവുകള്‍ തടസമാകില്ലെന്നും കോടതി അറിയിച്ചു.

ജാതി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോള്‍ വില്ലേജ് ഓഫീസര്‍ ആര്യസമാജത്തില്‍ നിന്നുള്ള വിഞ്ജാപനം വേണമെന്ന് ആവശ്യപ്പെട്ടുവെന്ന ഹരജിക്കാരന്റെ വാദം ഉള്‍പ്പെടെ പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.

Content Highlight: PSC not empowered to conduct inquiry if candidate’s caste not clear: HC

Latest Stories

We use cookies to give you the best possible experience. Learn more