| Sunday, 11th June 2023, 11:16 am

വ്യാപക വിമര്‍ശനം; വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന എച്ച്.എസ്.എസ്.ടി അറബിക് പരീക്ഷ മാറ്റിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുര: ഈ മാസം 23ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഹയര്‍ സെക്കണ്ടറി അറബിക് അധ്യാപക പരീക്ഷ പി.എസ്.സി മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി. മുസലിം വിഭാഗത്തില്‍ നിന്നും കൂടുതല്‍ പേരെഴുതുന്ന പരീക്ഷ വെള്ളിയാഴ്ച ഉച്ചക്ക് നിശ്ചയിച്ചതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കാന്‍ പി.എസ്.സി തീരുമാനമെടുത്തത്.

വെള്ളിയാഴ്ച പകല്‍ 11.15 മുതല്‍ 1.45വരെയാണ് പരീക്ഷ സമയം നിശ്ചയിച്ചിരുന്നത്. ഇത് പരീക്ഷ എഴുതുന്ന ഭൂരിഭാഗം പേരുടെയും ജുമുആ നിസ്‌കാരം മുടങ്ങാന്‍ കാരണമാവുമെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. .സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും വ്യാപകമായി ഉയര്‍ന്നിരുന്നു.

പരീക്ഷ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് പി.എസ്.എസി ചെയര്‍മാന്‍ ഡോ.എം.ആര്‍ ബൈജുവിന് സംസ്ഥാന ജനറല്‍ സോളിഡാരിറ്റി തൗഫീഖ് മമ്പാട് പരാതിയും നല്‍കിയിരുന്നു. പരീക്ഷ എഴുതുന്നതില്‍ ഭൂരിഭാഗവും വിശ്വാസികള്‍ ആയിരിക്കെ പരീക്ഷ സമയം അവര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് തൗഫീഖ് മമ്പാട് പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച ദിവസത്തെ ജുമുആ സമയം കൂടി പരിഗണിച്ച് പി.എസ്.സി പരീക്ഷയുടെ സമയം നിശ്ചയിക്കണമെന്നും 23ന് നടക്കുന്ന പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ പരീക്ഷ സമയം മാറ്റണമെന്ന ആവശ്യവുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. പരീക്ഷ ഉച്ചക്കായതിനാല്‍ ഭൂരിഭാഗം ആളുകളുടെയും ജുമുആ നമസ്‌കാരം തടസപ്പെടുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.
ബന്ധപ്പെട്ടവര്‍ പ്രായോഗിക സമീപനം സ്വീകരിച്ച് പരീക്ഷാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കണമെന്നും കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Psc HSST exam postponed

We use cookies to give you the best possible experience. Learn more