| Wednesday, 7th August 2019, 1:42 pm

പി.എസ്.സി ക്രമക്കേടില്‍ പൊലീസുകാരനും പങ്ക്?: വിജിലന്‍സ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവത്തിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാ ക്രമക്കേടില്‍ പൊലീസുകാരനും പങ്കെന്ന് റിപ്പോര്‍ട്ട്. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ ഗോകുലിന് പരീക്ഷാ ക്രമക്കേടില്‍ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലന്‍സ് കണ്ടെത്തി. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് പൊലീസുകാരനായ ഗോകുല്‍. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈല്‍ ഫോണില്‍നിന്ന് പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഒന്നും രണ്ടും റാങ്കുകാരായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവരുടെ മൊബൈല്‍ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങള്‍ വന്നെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവര്‍ക്ക് എസ്.എം.എസ്. ലഭിച്ചത്. നാലു നമ്പറുകളില്‍നിന്നാണ് എസ്.എം.എസ് വന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണ് സംശയം. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സി. പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. യൂണിവേഴ്സിറ്റി കോളേജ് അക്രമ സംഭവത്തിലെ ഒന്നാംപ്രതിയാണ് ശിവരഞ്ജിത്ത്. ഇവരുടെ പി.എസ്.സി. പരീക്ഷയെ സംബന്ധിച്ച് സംശയങ്ങളുയര്‍ന്നതിനെതുടര്‍ന്ന് പി.എസ്.സി. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

We use cookies to give you the best possible experience. Learn more