തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയിലെ ആരോപണങ്ങള്‍ തെറ്റാണെന്നും ആരോപണങ്ങള്‍ പി.എസ്.സിയെ ദുര്‍ബലപ്പെടുത്തുമെന്നും പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ആറ് ചോദ്യങ്ങള്‍ പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലേതാണെ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘തിയറി വിഭാഗത്തിലെ ചോദ്യങ്ങള്‍ ഏത് രാജ്യത്തെ പരീക്ഷയിലും ചോദിക്കാം. ഒരു പരീക്ഷയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ മറ്റ് പരീക്ഷകളില്‍ ചോദിക്കരുത് എന്നൊന്നുമില്ല. കെ.എ.എസിന്റെ ചോദ്യങ്ങള്‍ തയ്യാറാക്കിയത് പ്രമുഖരായ ആളുകളാണ്. അതില്‍ പി.എസ്.സി ഇടപെടാറില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ തരംതാഴ്ന്നതാണ്’, ചെയര്‍മാന്‍ പറഞ്ഞു.
ആക്ഷേപമുണ്ടെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാം. ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. നാട്ടില്‍ നടക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ പി.എസ്.സിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ നിലവാരത്തിലുള്ള ചോദ്യങ്ങളാകും പ്രധാനപരീക്ഷയ്ക്കും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. ‘3.40 ലക്ഷം പേരാണ് കെ.എ.എസ് പരീക്ഷ എഴുതിയത്. കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യുമെന്നത് നിര്‍ദ്ദേശം മാത്രമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അതിനോട് ക്രിയാത്മകമായി പ്രതികരിച്ച് പരീക്ഷയ്ക്ക് ഹാജരാകാത്തതിന്റെ കാരണം വ്യക്തമാക്കിയാല് ഇളവുനല്‍കും’, പി.എസ്.സി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.