എം.എയ്ക്ക് പഠിക്കുമ്പോഴായിരുന്നു തിരുവനന്തപുരം സ്വദേശി അനുവിന്റെ വിവാഹം. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 7 വര്‍ഷമാകുന്നു. രണ്ട് കുട്ടികളുമുണ്ട്. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം എന്നും മനസ്സിലുണ്ടായിരുന്നു. എല്ലാവരെയും പോലെ അനുവും കോച്ചിംഗ് സെന്ററിലും കംബൈന്‍ഡ് സ്റ്റഡി ഗ്രൂപ്പിലും ചേര്‍ന്ന് അത് നേടിയെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഏകദേശം 2 വര്‍ഷത്തോളമായി. വീട്ടിലെ ജോലികളും കുട്ടികളുടെ പഠിത്തവും എല്ലാം കഴിഞ്ഞ് 10 മണിക്ക് തന്നെ കോച്ചിംഗ് സെന്ററിലെത്തും. പിന്നെ ഒരു മൂന്ന് മണിവരെ പഠനം. കുട്ടികളുടെ സ്‌കൂള്‍ വിടാറാകുമ്പോള്‍ അവരെയും വിളിച്ച് നേരേ വീട്ടിലേക്ക്. പിന്നെ അവരുടെ ഹോംവര്‍ക്കും, കഥകളും, വീട്ടിലെ ജോലികളും കഴിഞ്ഞ് പഠിക്കാന്‍ ഇരിക്കുന്നത് അര്‍ധരാത്രിയാണ്. എല്ലാം ഒന്ന് ഓടിച്ച് വായിച്ച് കെടന്നുറങ്ങുമ്പോഴേക്കും നേരം വെളുക്കും. ഇതായിരുന്നു ഒരു ആറ് മാസം മുന്നേ വരെയുള്ള വിവാഹിതയായ ഒരു പി.എസ്.സി ഉദ്യോഗാര്‍ഥിയുടെ ജീവിതം. ലോക്ഡൗണും കൊറോണയും പി.എസ്. സി കോച്ചിംഗ് സെന്ററുകള്‍ക്ക് പൂട്ടിട്ടപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇവരെയാണ്.
‘കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സും വീട്ടിലെ ജോലികളും കഴിഞ്ഞ് പഠിക്കാന്‍ കിട്ടുന്ന സമയം വളരെ ചുരുക്കമാണ്. ദിവസവും എട്ട് മണിക്കൂറോളം വര്‍ക്ക് ചെയ്‌തെങ്കില്‍ മാത്രമേ ഒരു സാധാരണ പി.എസ്.സി പരീക്ഷയുടെ തന്നെ സിലബസ് കവര്‍ ചെയ്യാന്‍ പറ്റുള്ളു. ഇതിപ്പോ ദിവസത്തില്‍ ഒരു 2 മണിക്കൂറ് പോലും പഠിക്കാനായി ഇരിക്കാന്‍ പറ്റാറില്ല. കുട്ടികളുടെ കാര്യവും വീട്ടിലെ ജോലിയും എല്ലാം കഴിഞ്ഞ് സ്വസ്ഥമാകുന്ന സമയം ഇപ്പോള്‍ കുറവാണ്. കോച്ചിംഗ് സെന്ററില്‍ നിന്ന് ഞങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സൊക്കെ തരുന്നുണ്ട്. പക്ഷെ അത് അത്രയും പ്രായോഗികമാകുന്നുവെന്ന് തോന്നുന്നില്ല. പരീക്ഷകള്‍ എന്ന് നടത്തും എന്ന് പോലും അറിയില്ലല്ലോ. ഈ സാഹചര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനും പറ്റില്ല. എല്ലാം ഒന്ന് നോര്‍മലായി വരുമ്പോഴേക്കും ഞങ്ങളെപ്പോലുള്ളവര്‍ ഇനി ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥ വരും’- അനു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഇത് അനുവിന്റെ മാത്രം അഭിപ്രായമാണോ? വീട്ടമ്മമാരുടെ പി.എസ്.സി പഠനം ഇത്രയ്ക്ക് ദുഷ്‌കരമാണോ എന്നറിയാന്‍ കോച്ചിംഗിന് പോകുന്ന വിവാഹിതരായ ഇപ്പോഴും പി.എസ്.സി പഠനം നടത്തുന്ന പത്തോളം ഉദ്യോഗാര്‍ഥികളോട് നിലവിലെ പഠനത്തെപ്പറ്റി അഭിപ്രായം ചോദിച്ചു. എല്ലാവര്‍ക്കും പറയാനുള്ളത് അനുവിന്റെ അതേ മറുപടി. പി.എസ്.സി പരീക്ഷകളില്‍ തന്നെ ഇനി വിശ്വാസം വെച്ചിട്ട് കാര്യമുണ്ടോ? പരീക്ഷ വരുമ്പോഴേക്കും പഠനം ആദ്യംമുതല്‍ തുടങ്ങേണ്ടി വരുമെന്നാണ് പലരുടെയും നിലപാട്.
‘ വീട്ടിലിരുന്ന് പഠിക്കാം എന്നുള്ളത് ഞങ്ങളെപ്പോലുള്ളവര്‍ക്ക് എളുപ്പമല്ല. കുട്ടികളും കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട. കോച്ചിംഗിന് പോയിക്കൊണ്ടിരുന്നപ്പോള്‍ ഈ പ്രശ്‌നങ്ങളൊന്നും അധികം ഉണ്ടായിരുന്നില്ല. പഠിക്കാനായി പോകുവാണല്ലോ. അതുകൊണ്ട് എല്ലാം മാറ്റിവെച്ച് അവിടെത്തന്നെയിരുന്ന് പഠിക്കാന്‍ പറ്റും. കംമ്പൈന്‍ഡ് സ്റ്റഡി നടത്താന്‍ പറ്റുമായിരുന്നു. ഒരു എഴ് മണിക്കൂറോളം പഠിക്കാനും പറ്റിയിരുന്നു. കൊറോണയും ലോക്ഡൗണും വന്നതോടെ ഇതെല്ലാം നിന്നു. വീട്ടില്‍ തന്നെയായപ്പോള്‍ കുട്ടികളുടെ കാര്യം നോക്കാനേ നേരമുള്ളു. കോച്ചിംഗ് സെന്ററുകാര്‍ ഞങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് തരുന്നുണ്ട്. പക്ഷെ അത് അറ്റന്‍ഡ് ചെയ്യാന്‍ പലപ്പോഴും പറ്റാറില്ല. കാര്യം വേറൊന്നുമല്ല. ഇപ്പോ കുട്ടികള്‍ക്ക് ഓണ്‍ലെന്‍ ക്ലാസ്സ് തുടങ്ങിയല്ലോ. അപ്പോ അവരുടെ കൂടെ ഇരിക്കേണ്ടി വരുന്നു. പിന്നെ വീട്ടിലെ കാര്യമൊക്കെ നോക്കി വരുമ്പോഴേക്കും നേരം പാതിരയാവും. നമുക്ക് ഒറ്റയ്ക്ക് കുറെനേരം ഇരുന്ന് പഠിക്കാന്‍ പോലും പറ്റാറില്ല. ഇപ്പോ ആകെ ചെയ്യുന്നത് അടുക്കള ജോലിക്കിടയില്‍ ഓണ്‍ലെന്‍ ക്ലാസ്സിന്റെ ഓഡിയോകള്‍ വെച്ച് കേള്‍ക്കും. അത്ര തന്നെ. ഒരു വര്‍ഷമായി പി.എസ്.എസി ക്ക് പഠിക്കാന്‍ തുടങ്ങിയിട്ട്. തുടക്കത്തില്‍ എഴുതിയ പരീക്ഷകള്‍ക്കൊന്നും അത്ര റിസള്‍ട്ടുണ്ടായില്ല. പ്രതീക്ഷയോടെ എഴുതാനിരിക്കുന്ന പരീക്ഷകളുടെ കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല. ഇപ്പോ പിന്നെ പഠിക്കാനും പറ്റുന്നില്ല. ജോലിയൊക്കെ ആയതിനുശേഷം മാത്രം വിവാഹത്തെപ്പറ്റി ആലോചിക്കാവുവെന്നാ പരിചയമുള്ള പെണ്‍കുട്ടികളോടൊക്കെ ഞാന്‍ ഇപ്പോള്‍ പറയുന്നത്. ഇതിപ്പോ പാതിവഴിയില്‍ പെട്ട അവസ്ഥയിലാ ഞങ്ങളെപ്പോലുള്ളവര്‍. വയസ്സ് കൂടിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ ജോലി എന്ന സാധ്യതയും കുറയും’- മറ്റൊരു ഉദ്യോഗാര്‍ഥിയായ സവിത ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സമാനമായ അനുഭവം തന്നെയാണ് വിതുര സ്വദേശിയായ അശ്വതിക്കും പറയാനുള്ളത്. 28 വയസ്സുകാരിയായ അശ്വതി പി.എസ്.സി പഠനം തുടങ്ങിയിട്ട് ആറ് മാസമേ ആയിട്ടുള്ളു.
‘എന്ത് പറയാനാ…കൊറോണ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയല്ലേ. വീട്ടില്‍ മോനുള്ളതുകൊണ്ട് പി.എസ്.സി പഠിക്കണം എന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. ബുക്കെടുത്ത് ഒന്ന് വായിക്കാന്‍ കൂടി പറ്റുന്നില്ല. കോച്ചിംഗ് സെന്ററില്‍ പോയിക്കൊണ്ടിരുന്നപ്പോഴാ കുറച്ചെങ്കിലും പഠിക്കാന്‍ പറ്റിയിരുന്നത്. അവിടെ നടത്തുന്ന എക്‌സാം ഒക്കെ വളരെ നല്ല രീതിയില്‍ ചെയ്യാനൊക്കെ പറ്റി. ഞങ്ങളുടെ കോച്ചിംഗ് സെന്ററുകാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി. വീട്ടില്‍ റെയ്ഞ്ച് തീരെയില്ല. അതുകൊണ്ട് ലൈവ് ഡിസ്‌കഷനില്‍ ഒന്നും തന്നെ പങ്കെടുക്കാന്‍ പറ്റുന്നില്ല. സെന്ററില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ ഗ്രൂപ്പ് സ്റ്റഡി നടത്തുമായിരുന്നു. അത് വളരെ പ്രയോജനകരമായിരുന്നു. ഇപ്പോള്‍ പിന്നെ അതൊന്നും നടക്കില്ലല്ലോ. വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ഉള്ളവര്‍ക്കാണ് ഈ ബുദ്ധിമുട്ടൊക്കെ. വിവാഹം കഴിയാത്തവരെ സംബന്ധിച്ചിടത്തോളം പഠിക്കാന്‍ ഇപ്പോള്‍ ധാരാളം സമയം കിട്ടുന്ന അവസരമാണ്’- അശ്വതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അനുവും സവിതയും അശ്വതിയും ചിലപ്പോള്‍ ഒരു വിഭാഗത്തിന്റെ പ്രതിനിധികളാകാം. ഇവര്‍ മൂന്ന് പേരും തിരുവനന്തപുരത്തെ മൂന്ന് കോച്ചിംഗ് സെന്ററുകളില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഈ കൊറോണക്കാലത്ത് അവരുടെ അനുഭവങ്ങള്‍ ഏകദേശം സമാനമാണ്. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം വെറും സ്വപ്‌നമായി പോകുമോ എന്നത് ഇപ്പോള്‍ കേരളത്തിലെ ഒട്ടുമിക്ക വീട്ടമ്മമാരുടെയും ആശങ്കയായിരിക്കുകയാണ്.
അതേസമയം കേരളത്തിലെ പി.എസ്.സി കോച്ചിംഗ് സെന്ററുകള്‍ കൊവിഡിനെ അതിജീവിക്കാനുള്ള ശ്രമത്തില്‍ തന്നെയാണ്.
‘നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാണ് ഏക പോംവഴി. ഞങ്ങളുടെ സ്ഥാപനത്തില്‍ ഫീസടച്ച് അഡ്മിഷനായിട്ടുള്ള എല്ലാവര്‍ക്കും ക്ലാസ്സുകള്‍ കൃത്യമായി കൊടുക്കുന്നുണ്ട്. സംശങ്ങള്‍ ചോദിക്കാന്‍ ലൈവ് ക്ലാസ്സുകള്‍, ക്വസ്റ്റ്യന്‍ പേപ്പര്‍ ഡിസ്‌കഷനുകള്‍, എന്നു വേണ്ട ഒരു ക്ലാസ്സില്‍ നിന്ന് അവര്‍ക്ക് എന്തെല്ലാം കിട്ടുന്നുവോ അതെല്ലാം നല്‍കുന്നുണ്ട്. കംമ്പൈന്‍ഡ് സ്റ്റഡി ഈ ഘട്ടത്തില്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. കുട്ടികള്‍ക്ക് വേണമെങ്കില്‍ കോണ്‍ഫറന്‍സ് കോളിലൂടെയൊക്കെ ആ പരിമിതി മറികടക്കാം. അത് കുട്ടികളുടെ നിലവാരം അനുസരിച്ചുള്ളതാണ്. പിന്നെ ഞങ്ങളുടെ സ്ഥാപനത്തിലെ ഒരു ചെറിയ ശതമാനം വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ക്ലാസ്സില്‍ കൃത്യമായി പങ്കെടുക്കാന്‍ ബുദ്ധിമുട്ടുള്ളു. കൂടിപ്പോയാല്‍ ഒരു പതിനാലോളം പേര്‍ക്ക്. ഫോണില്‍ റെയ്ഞ്ച് ഇല്ലാതെ വരുന്നവരാണ് ഈ പറഞ്ഞ വിഭാഗം. എന്നാല്‍ അവരെ കൂടി പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ പ്രത്യേക ഹെല്‍പ്പ് സെല്‍, കോര്‍ഡിനേറ്റര്‍മാരെയൊക്കെ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ അടച്ചിടല്‍ പോലൊരു അവസരം കുട്ടികള്‍ക്ക് ഇനി ലഭിക്കില്ല. പരീക്ഷയുടെ മുഴുവന്‍ സിലബസും ഈ സമയത്തില്‍ പഠിച്ച് തീര്‍ക്കാന്‍ കഴിയുന്നതാണ്. ആ രീതിയിലാണ് ഞങ്ങള്‍ അവര്‍ക്ക് ക്ലാസ്സും നല്‍കുന്നത്’- തിരുവനന്തപുരത്തെ ടാലന്റ് അക്കാദമി അഡ്മിനിസ്‌ട്രേറ്റര്‍ സംഗീത ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
പഠനത്തിന് വളരെയധികം സമയം ആവശ്യമുള്ള മേഖലയാണ് പി.എസ്.സി പരീക്ഷകള്‍. പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് മുതലങ്ങോട്ടുള്ളവര്‍ക്ക് ലഭിക്കാവുന്ന ലോട്ടറിയാണ് പി.എസ്.സി നിയമനങ്ങള്‍. കേരളത്തിലെ ബഹുഭൂരിപക്ഷം പേരുടെ പ്രധാന സ്വപ്‌നങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ ജോലി. അതുകൊണ്ടാണല്ലോ കേരളത്തിന്റെ എല്ലാ ഭാഗത്തും പി.എസ്.സി കോച്ചിംഗ് സെന്ററുകള്‍ ശാഖകളായി വളര്‍ന്നുകൊണ്ടിരിക്കുന്നത്.
കൊറോണ പി.എസ്.സി കോച്ചിംഗ് സെന്ററുകള്‍ക്ക് പൂട്ടിട്ടപ്പോള്‍ അവര്‍ അത് അതിജീവിച്ചത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് നല്‍കിയാണ്. സെന്ററുകള്‍ മാത്രമല്ല വിവിധ തരം ആപ്പുകളും പി.എസ്.സി പഠനത്തിനായി നിലവിലുണ്ട്. എന്നാല്‍ കുട്ടികളുടെ പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെ വീട്ടമ്മമാരുടെ പി.എസ്.സി പഠനം ഏറെക്കുറെ വഴിമുട്ടിയ അവസ്ഥയിലാണ്.