'ആ എസ്.എഫ്.ഐക്കാരും കൊവിഡും എട്ടുമാസം കളഞ്ഞതിന് ഞങ്ങളെന്ത് ചെയ്യണം?' ഉദ്യോഗാര്‍ത്ഥികള്‍ പിണറായി സര്‍ക്കാരിനോട് ചോദിക്കുന്നു
Kerala News
'ആ എസ്.എഫ്.ഐക്കാരും കൊവിഡും എട്ടുമാസം കളഞ്ഞതിന് ഞങ്ങളെന്ത് ചെയ്യണം?' ഉദ്യോഗാര്‍ത്ഥികള്‍ പിണറായി സര്‍ക്കാരിനോട് ചോദിക്കുന്നു
നിമിഷ ടോം
Friday, 31st July 2020, 5:53 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സിവില്‍ ഓഫീസര്‍ പി.എസ്.സി മെയിന്‍ ലിസ്റ്റില്‍നിന്നും എം.എസ്.പി ബെറ്റാലിയനിലേക്ക് നിയമനം പ്രതീക്ഷിച്ച 34 ശതമാനം പേരും പുറത്ത്. 27 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് സിവില്‍ പൊലീസ് ഓഫീസര്‍ മെയിന്‍ ലിസ്റ്റില്‍നിന്നും ഉദ്യോഗാര്‍ത്ഥികള്‍ പുറത്താവുന്നത്.

കഴിഞ്ഞ വര്‍ഷം സപ്ലിമെന്ററി ലിസ്റ്റില്‍നിന്നടക്കം 104 ശതമാനം നിയമനം നടന്ന എം.എസ്.പി ബെറ്റാലിയനിലേക്ക് ഇത്തവണ 66 ശതമാനം നിയമന ശുപാര്‍ശകള്‍ മാത്രമാണ് നല്‍കിയത്.

സംസ്ഥാനത്തെ ഏഴ് ബെറ്റാലിയനുകളിലായി മെയിന്‍ ലിസ്റ്റില്‍നിന്ന് 25 ശതമാനത്തോളം പേരാണ് പുറത്തായിരിക്കുന്നത്. 7580 പേരുള്ള ലിസ്റ്റില്‍ 5667 പേര്‍ക്കാണ് ഇതുവരെ അഡൈ്വസ് ലഭിച്ചത്. ഏഴ് ബറ്റാലിയനുകളിലായി 2019 ജൂലൈ ഒന്നിന് നിലവില്‍ വന്ന പൊലീസ് റാങ്ക് ലിസ്റ്റുകളുടെ സ്വാഭാവിക കാലാവധി 2020 ജൂണ്‍ 30ന് അവസാനിച്ചതോടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

‘മുമ്പുണ്ടായിരുന്ന റാങ്ക് ലിസ്റ്റുകള്‍ മുഴുവന്‍ 2017ല്‍ ആളുകളെ റിക്രൂട്ട് ചെയ്ത് പൂര്‍ത്തിയാക്കിയതാണ്. പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് 2019 ജൂണിലാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കത്തികുത്ത് കേസോടെ ഈ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചിരുന്നു. പിന്നീട് അതിന്റെ അഡൈ്വസ് വന്നത് 2019 നവംബറിലാണ്. നവംബറില്‍ ലിസ്റ്റിലുള്ള ആളുകള്‍ ട്രെയിനിങില്‍ കയറിയാല്‍ മാത്രമേ എത്ര ഒഴിവുകള്‍ വീണ്ടുമുണ്ടെന്ന് അറിയാന്‍ കഴിയൂ. ഈ ആദ്യ ബാച്ചിന്റെ ട്രെയിനിങ് തുടങ്ങിയത് ഫെബ്രുവരിയിലാണ്. തുടര്‍ന്ന് കൊവിഡും ലോക്ഡൗണുമൊക്കെയായി. ഈ സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാമായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണ്’, പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ശരത് കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കുത്തുകേസില്‍ അറസ്റ്റിലായതിന് ശേഷം പ്രതികളായ ശിവരജ്ഞിത്ത്, പ്രണവ്, നസീം എന്നിവര്‍ റാങ്ക് പട്ടികയില്‍ ഇടം നേടിയത് പരീക്ഷാ ക്രമക്കേട് നടത്തിയാണെന്ന വിവരം പുറത്ത് വന്നിരുന്നു. തുടര്‍ന്ന് കോടതി ഇടപെട്ട് ഈ ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ നാല് മാസത്തേയ്ക്ക് മരവിപ്പിക്കുകയായിരുന്നു.

‘1200 ട്രെയിനിങ് പര്‍പ്പസ് വേക്കന്‍സികള്‍ മന്ത്രിസഭായോഗം പാസാക്കിയത് പൊലീസ് ആസ്ഥാനത്തുനിന്നും പി.എസ്.സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്തില്ല. മറിച്ച് അത് സെക്യൂരിറ്റി ഫോഴ്‌സ് തുടങ്ങാനുള്ള ഉദ്ദേശത്തോടെ ആ വിഭാഗത്തിലേക്ക് വകമാറ്റുകയാണ് ചെയ്തത്. മാത്രമല്ല. 2021 ഡിസംബര്‍ 31 വരെയുള്ള വേക്കന്‍സികള്‍ മുന്‍കൂട്ടി റിക്രൂട്ട് ചെയ്തു, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സീറോ വേക്കന്‍സിയിലേക്ക് പോവുകയാണ് എന്നൊക്കെയാണ് വകുപ്പ് തലത്തില്‍നിന്നും അവകാശപ്പെടുന്നത്. എന്നാല്‍ 2019-ല്‍ ഇവര്‍ത്തന്നെ പി.എസ്.സി മുഖാന്തരം പുതിയ വേക്കന്‍സികളിലേക്ക് ആളെ വിളിക്കുകയും ചെയ്തു. 2021 അവസാനം വരെ ഒഴിവുകളില്ലെന്ന് അവകാശപ്പെടുന്ന ഇവര്‍ എന്തിനാണ് 2019-ല്‍ പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കുന്നത്?’, ശരത് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഇരുന്നൂറോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കളക്ടറേറ്റിന് മുന്നിലുള്ള ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ഇവരില്‍ നാല് പേര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

‘കൊവിഡ് പോലെ ഇത്രത്തോളം ദുരിത പൂര്‍ണമായ സമയത്ത് ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതിന് എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നത്? ആ ലിസ്റ്റിലുള്ള ആളുകളെ തള്ളിയിട്ട് ഇവര്‍ പറയുന്നത് ഞങ്ങള്‍ മുമ്പുള്ളതിനേക്കാള്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിച്ചു എന്നാണ്. ഏറ്റവുമധികം റിട്ടയര്‍മെന്റുകള്‍ നടന്ന വര്‍ഷമാണ് 2019-20 കാലഘട്ടം. ലഭിച്ച കണക്കുപ്രകാരം 2019 മെയ് 31-ന് മാത്രം 25,000ത്തോളം ജീവനക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചിട്ടുണ്ട്’, ശരത് വ്യക്തമാക്കി.

‘ചരിത്രത്തിലില്ലാത്ത രീതിയിലുള്ള ഒരു നിയമന നിരോധനമാണ് കേരള പൊലീസില്‍ ഇത്തവണ നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ ലിസ്റ്റില്‍നിന്ന് 97 ശതമാനം അഡൈ്വസുകള്‍ പോയിരുന്നു. എന്നാല്‍ ഇത്തവണ അത് 51.45 ശതമാനം മാത്രമാണ്. ഇതില്‍തന്നെ നീതിനിഷേധം വ്യക്തമാണ്. അതിന്റെ ഒപ്പം തന്നെ മറ്റൊന്നുകൂടിയുണ്ട്. തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കത്തിക്കുത്ത് വിഷയത്തോടെ നാലര മാസം ഈ ലിസ്റ്റ് ഫ്രീസ് ചെയ്തു. ഒരു നിയമനം പോലും ഈ കാലയളവില്‍ ഉണ്ടായില്ല. അതിന് ശേഷമാണ് ലിസ്റ്റില്‍ ആദ്യ അഡൈ്വസ് ഉണ്ടാവുന്നത്. പിന്നീട് കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ റാങ്ക് ലിസ്റ്റിന്റെയും കാലാവധി നീട്ടുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. അവിടെയും ഞങ്ങള്‍ക്ക് മാത്രം നിരാശയായിരുന്നു ഫലം. 12 മാസം മാത്രം കാലാവധി ഉള്ള ലിസ്റ്റില്‍ ഇങ്ങനെ എട്ട് മാസമാണ് നിയമനങ്ങളില്ലാതെ നഷ്ടപ്പെട്ടത്’, ഉദ്യോഗാര്‍ത്ഥിയായ ശ്രീകുമാര്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു. കണക്കുകള്‍ പെരുപ്പിച്ച് കാട്ടി തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നടക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു.

‘എല്‍.ഡി.എഫിന്റെ 2016-ലെ പ്രകടന പത്രികയില്‍ പ്രസക്തമായ ഒരു ഭാഗമുണ്ട്. അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും, തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന രീതി അവസാനിപ്പിക്കും, അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തും, ഓരോ വകുപ്പുകളിലുമുണ്ടാകുന്ന ഒഴിവുകള്‍ പത്ത് ദിവസത്തിനകം പി.എസ്.സിയെ അറിക്കും എന്നൊക്കെയാണ് പ്രകടന പത്രികയില്‍ എല്‍.ഡി.എഫ് പറഞ്ഞിരുന്നത്. അത് വിശ്വസിച്ച് നിരവധിപ്പേര്‍ വലിയ പ്രതീക്ഷയാണ് എല്‍.ഡി.എഫില്‍ കണ്ടത്. സര്‍ക്കാര്‍ നാലര വര്‍ഷത്തിലെത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ തെറ്റായ നിലപാടുകളും നടപടികളും കാരണം പല പി.എസ്.സി ലിസ്റ്റുകളുടെയും കാലാവധി കഴിഞ്ഞിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിവില്‍ പൊലീസ് ലിസ്റ്റ്’, ശബരീനാഥന്‍ എം.എല്‍.എ പറഞ്ഞു.

പരീക്ഷയ്ക്ക് ശേഷം ഷോര്‍ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും പാസ്സായി റാങ്ക് ലിസ്റ്റില്‍ ഇടംപിടിക്കുന്നത്. കേരളമൊട്ടാകെ ഏഴു ബറ്റാലിയനിലേക്കു നിയമനം നടത്തേണ്ട റാങ്ക് ലിസ്റ്റ് ആണിത്. ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍.

ലിസ്റ്റിലുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമിക്കത്തക്ക ഒഴിവുകള്‍ നിലവില്‍ സേനയിലുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലടക്കം സന്നദ്ധ പ്രവര്‍ത്തകരെ സേനയില്‍ എടുക്കേണ്ടിവരുമ്പോള്‍ പോലും അര്‍ഹമായ ലിസ്റ്റ് പരിഗണിക്കാതെ നിരവധിപ്പേരുടെ തൊഴില്‍ ഭാവി അനിശ്ചിതത്വലാവുകയാണെന്നാണ് ഇവര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ