| Tuesday, 1st September 2020, 6:40 pm

ഞങ്ങളുടെ അപേക്ഷ പോലും കാണാനില്ല, പി.എസ്.സിക്കെതിരെ വീണ്ടും ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് പി.എസ്.സിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. യു.പി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷ നല്‍കിയ ഒട്ടെറെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചിട്ടില്ലെന്ന പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.

സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷിച്ചപ്പോള്‍ അപേക്ഷ വിജയകരമായി സമര്‍പ്പിച്ചതായി കാണിച്ചിരുന്നെവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ പരീക്ഷാതീയതി പ്രഖ്യാപിച്ച ശേഷം പ്രൊഫൈല്‍ പരിശോധിച്ചപ്പോഴാണ് അപേക്ഷ സമര്‍പ്പിച്ചതായി കാണാനില്ലെന്ന് അറിഞ്ഞത്. പരീക്ഷ എഴുതാമെന്നുള്ള ഉറപ്പ് ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 11ന് അവസാനിക്കുമെന്നിരിക്കെ ആശങ്കയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

നവംബറില്‍ നടക്കുന്ന പരീക്ഷക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാനൊരുങ്ങി പ്രൊഫൈല്‍ നോക്കുമ്പോഴാണ് അപേക്ഷ കാണാനില്ലെന്ന യാഥാര്‍ത്ഥ്യം ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയുന്നത്. എല്ലാം ഇഫയലുകളായി സൂക്ഷിക്കുന്നതുകൊണ്ട് ഒരിക്കലും അപേക്ഷ നഷ്ടപ്പെടില്ല എന്ന് വിചാരിച്ചാണ് പ്രിന്റൗട്ട് എടുത്തുവക്കാതിരുന്നതെന്ന് പാലക്കാട് നിന്നുള്ള ഫര്‍സാനയെന്ന ഉദ്യോഗാര്‍ത്ഥി പറയുന്നു.

‘പി.എസ്.സിയില്‍ പരാതി നല്‍കിയപ്പോള്‍ പ്രിന്റൗട്ട് എവിടെയെന്ന ചോദ്യമാണ് അവര്‍ ഉന്നയിച്ചത്. എങ്ങനെയാണ് ഇത്രയധികം ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ കാണാതായതെന്ന് മനസ്സിലാവുന്നില്ല. പരീക്ഷ തീയ്യതി അടുത്തുവരുകയാണ്. ഞങ്ങള്‍ എങ്ങനെ പരീക്ഷ എഴുതാനാണ്?’, മറ്റൊരു ഉദ്യോഗാര്‍ത്ഥി ചോദിക്കുന്നു. തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷ കാണാതായതുമായി ബന്ധപ്പെട്ട് പി.എസ്.സിക്കു നേരെ ഗുരുതര ആരോപണമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്