| Sunday, 20th May 2018, 7:15 pm

പി.എസ്.സി നിയമനങ്ങളിലെ '20 റൊട്ടേഷന്‍' സമ്പ്രദായത്തിലൂടെ വന്‍ മെറിറ്റ് അട്ടിമറി; അനര്‍ഹര്‍ക്ക് നിയമനം

ജദീര്‍ നന്തി

കോഴിക്കോട്: പി.എസ്.സി നിയമനങ്ങളില്‍ വന്‍ മെറിറ്റ് അട്ടിമറി. സംവരണ നിയമനത്തിനുള്ള “20 റൊട്ടേഷന്‍” സമ്പ്രദായത്തിലൂടെയാണ് വലിയ തോതില്‍ മെറിറ്റ് അട്ടിമറി നടക്കുന്നത്. ഈ സമ്പ്രദായത്തിലൂടെ മാര്‍ക്ക് കൂടിയ ഉദ്യോഗാര്‍ത്ഥി സംവരണ സീറ്റിലും മാര്‍ക്ക് കുറഞ്ഞ ഉദ്യോഗാര്‍ത്ഥി സംവരണേതര സീറ്റിലും പ്രവേശിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആക്ടിവിസ്റ്റും ഉത്തരകാലം മാഗസിന്‍ എഡിറ്ററുമായ സുധേഷ് എം രഘു ഇത് സംബന്ധിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.

2016 ആഗസ്റ്റ് 10ന് പ്രാബല്യത്തില്‍ വന്ന കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ അസിസ്റ്റന്റുമാരുടെ റാങ്ക് ലിസ്റ്റും അതിനുള്ള നിയമന ശുപാര്‍ശയുമാണ് സുധേഷ് ചൂണ്ടിക്കാണിക്കുന്നത്.

“20 റൊട്ടേഷന്‍” സമ്പ്രദായപ്രകാരം 610 നിയമിച്ചപ്പോള്‍ 296 ഓളം വരുന്ന മെറിറ്റ് സീറ്റില്‍ 480 -ാം റാങ്കുകാരന്‍ കയറിപ്പറ്റിയതടക്കമുള്ള ഉദാഹരണങ്ങളാണ് സുധേഷ് ചൂണ്ടിക്കാട്ടിയത്. റൊട്ടേഷന്‍ സമ്പ്രദായം പിന്തുടര്‍ന്നില്ലെങ്കില്‍ 296നപ്പുറം റാങ്കുള്ള ആരും മെറിറ്റ് സീറ്റില്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ല. ഇത് അട്ടിമറിച്ചാണ് റാങ്കില്‍ പിറകിലുള്ളവരെ നിയമിക്കുകയും സംവരണ വിഭാഗങ്ങളിലുള്ളവര്‍ക്കുള്ള നിയമനങ്ങള്‍ അട്ടിമറിച്ചും റൊട്ടേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

708 പേരുള്ള 2016 ആഗസ്റ്റ് 10 വന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് 2016 സെപ്തംബറില്‍ 5ന് 610 പുതിയ നിയമനങ്ങളാണ് നടത്തിയത്.

610 ഇല്‍ 296 പേരെ സംവരണത്തിലും 296 പേരെ മെറിറ്റിലും (ഒ.സി) 18 ഭിന്നശേഷിക്കാരെയുമാണ് നിയമിച്ചത്. മെറിറ്റില്‍ അവസാനമായി തെരഞ്ഞെടുത്തയാള്‍ ഒരു സംവരണേതര സമുദായക്കാരനാണ്. 480 ആണ് അദ്ദേഹത്തിന്റെ റാങ്ക്. പകുതിപ്പേരെ മെറിറ്റില്‍ എടുക്കുമ്പോള്‍ അവസാന റാങ്ക് ആയി 296ന് പകരം 480 വരുന്നത് പി.എസ്.സിയുടെ “20 റൊട്ടേഷന്‍” സമ്പ്രദായത്തിലൂടെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തത് കൊണ്ടാണെന്ന് സുധേഷ് പറയുന്നു.

മൊത്തം നിയമനങ്ങളെ പകുതിയാക്കി തിരിച്ച് അവയില്‍ ആദ്യത്തെ പകുതിയില്‍ മെറിറ്റ് പ്രവേശനം നല്‍കുന്നതിന് പകരം നിയമനങ്ങളെ 20 പേരുടെ യൂണിറ്റുകളാക്കി തിരിച്ചാണ് “20 റൊട്ടേഷന്‍ സമ്പദായം”. അവയില്‍ ആദ്യത്തെ 10 പേര്‍ക്ക് മെറിറ്റില്‍ പ്രവേശനം നല്‍കുകയും ബാക്കി 10 സംവരണത്തിലും പ്രവേശനം നല്‍കുന്നു.

” 20 പേരെ തിരഞ്ഞെടുക്കുമ്പോള്‍ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 10 പേരെ ജാതി-സമുദായ പരിഗണനകളൊന്നും കൂടാതെ മെറിറ്റ് സീറ്റിലേക്കു തിരഞ്ഞെടുക്കും. കാരണം, അവരാണ് റാങ്ക് ലിസ്റ്റിലെ ഏറ്റവും കൂടുതല്‍ മെറിറ്റ് (മാര്‍ക്ക്) കൂടുതലുള്ളവര്‍. 11-ാം റാങ്കുകാരനെ തിരഞ്ഞെടുക്കില്ല. അയാള്‍ക്ക് 20 പേരെ തിരഞ്ഞെടുക്കുന്ന അവസരത്തില്‍ മെറിറ്റില്‍ കയറാനുള്ള മാര്‍ക്കില്ലാത്തതുകൊണ്ടാണത്. എന്നാല്‍ 11-ാം റാങ്കുകാരന്‍, സംവരണസമുദായക്കാരനാണെങ്കില്‍ അയാളെ സംവരണ സീറ്റിലേക്കു പരിഗണിക്കാം. അയാളെയും പക്ഷേ മെറിറ്റ് സീറ്റിലേക്കു പരിഗണിക്കില്ല. അങ്ങനെയെങ്കില്‍ 592 പേരെ തിരഞ്ഞെടുക്കുമ്പോള്‍ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 296 പേരെ ജാതി-സമുദായ പരിഗണന കൂടാതെ മെറിറ്റില്‍ തിരഞ്ഞെടുക്കേണ്ടേ? 296 നപ്പുറം റാങ്കുള്ള ഒരാള്‍ക്കുപോലും മെറിറ്റ് സീറ്റിന് അര്‍ഹതയില്ല.” സുധേഷ് പറയുന്നു.

എന്നാല്‍, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ 480-ാം റാങ്കുകാരന്‍ വരെ മെറിറ്റ് സീറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 80.67 ആണ് അദ്ദേഹത്തിന്റെ മാര്‍ക്ക്. അതേസമയം, 18-ാം റാങ്കുമായി ആദ്യത്തെ ഈഴവ സംവരണ ടേണില്‍ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയുടെ മാര്‍ക്ക് 86 ആണ്. കൂടിയ മാര്‍ക്കുള്ളയാള്‍ സംവരണത്തിലും കുറഞ്ഞ മാര്‍ക്കുള്ളയാളെ മെറിറ്റിലും പ്രവേശനം അനുവദിക്കുന്ന സമ്പ്രദായമാണിതെന്നും സുധേഷ് ചൂണ്ടിക്കാട്ടുന്നു.

ആകെയുള്ള ഒഴിവുകളെ 50:50 അനുപാതത്തിലെടുത്ത് തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും, അങ്ങനെ വന്നാല്‍ 296 നപ്പുറത്തുള്ള റാങ്കുകള്‍ക്ക് മെറിറ്റില്‍ നിയമനം ലഭിക്കില്ലായിരുന്നെന്നും സുധേഷ് പറഞ്ഞു.

ജദീര്‍ നന്തി

We use cookies to give you the best possible experience. Learn more