Sabarimala women entry
സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും; തൃപ്തി ദേശായിയുടെ പ്രഖ്യാപനം ഹീറോയിസമായി കാണില്ല: പി.എസ്.ശ്രീധരന്‍പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 14, 01:24 pm
Wednesday, 14th November 2018, 6:54 pm

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് പി.എസ് ശ്രീധരന്‍പിള്ള.

ശബരിമലയിലെക്ക് വരുമെന്ന തൃപ്തി ദേശായിയുടെ തീരുമാനത്തെ പിന്തുണക്കില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് .ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ അനുസരിച്ചാവും ഭാവി തീരുമാനങ്ങള്‍ എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിലേക്ക് വരുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനം ഹീറോയിസമായി കാണാന്‍ കഴിയില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Also Read: റാഫേല്‍; പഴയ കരാര്‍ പരിഗണനയിലിരിക്കെ എന്തിനാണ് മോദി 2015ല്‍ പുതിയ കരാറുണ്ടാക്കിയത്?; കേന്ദ്രസര്‍ക്കാറിനോട് ജസ്റ്റിസ് കെ.എം ജോസഫ്

മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു.

സുപ്രീംകോടതി വിധിയില്‍ മാറ്റമുണ്ടാകാത്ത സാഹചര്യംകൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ നീക്കം. നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ യോഗത്തിന് ക്ഷണിക്കും. എന്നാല്‍ സമുദായ സംഘടനകളെ ക്ഷണിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നതുവരെ യുവതികള്‍ക്ക് പ്രവേശിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിശോധിച്ചശേഷമാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജനുവരി 22ന് തുറന്ന കോടതിയില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വാദം കേള്‍ക്കും. പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമാകും വരെ അഞ്ചംഗ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

49 റിവ്യൂ ഹരജികളാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.