| Monday, 30th July 2018, 7:06 pm

അഡ്വ: പി.എസ് ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍; പദവിയിലെത്തുന്നത് രണ്ടാം തവണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കാട്: നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷനായി അഡ്വക്കേറ്റ് പി.എസ്.ശ്രീധരന്‍ പിള്ളയെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്. 2003-2006 സമയത്തായിരുന്നു മുമ്പ് ശീധരന്‍ പിള്ള ബി.ജെ.പി.യുടെ പ്രസിഡന്റായത്.

കുമ്മനം രാജശേഖരനെ മാറ്റി രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡന്റിനെ നിയമിക്കാന്‍ കഴിയാതെ ബി.ജെ.പി പ്രതിസന്ധിയിലായിരുന്നു. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി വി.മുരളീധരന്‍പക്ഷവും കൃഷ്ണദാസ്പക്ഷവും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതാണ് ദേശീയ നേതൃത്വത്തെ കുഴക്കിയിരിക്കുന്നത്.

Also Read ചേര്‍പ്പ് സ്‌കൂളിലെ പാദപൂജ; വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് ഡയറക്ടര്‍

കുമ്മനം രാജശേഖരന്റെ ഒഴിവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. മുരളീധരന്‍ പക്ഷത്ത് നിന്നുള്ള സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനെതിരെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തിയതോടെയാണ് ദേശീയ നേതൃത്വം പ്രതിസന്ധിയിലായത്.

ഒത്തുതീര്‍പ്പെന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നുവന്നത്. 2015ല്‍ ബി.ജെ.പി അധ്യക്ഷനായിരുന്ന വി.മുരളീധരന് പകരക്കാരനായി കുമ്മനം രാജശേഖരന്‍ എത്തിയത് കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു. 2015 ഡിസംബര്‍ 18 നായിരുന്നു കുമ്മനം അധ്യക്ഷനായത്. അന്ന് ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആര്‍.എസ്.എസില്‍ നിന്ന് അധ്യക്ഷനെ കണ്ടെത്താന്‍ തീരുമാനമാകുകയായിരുന്നു. അന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച് ബാലശങ്കറിനെ വെട്ടി ഹിന്ദു ഐക്യവേദി അധ്യക്ഷനായ കുമ്മനത്തിനെ അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി മെയ് ഇരുപത്തിയഞ്ചിനാണ് തീരുമാനിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു ഈ സ്ഥാന ചലനം. രാഷ്ട്രപതി ഭവന്റെ പത്രക്കുറിപ്പിലൂടെയാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഈ തീരുമാനം അറിയുന്നത്.

ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിലാണ് ശ്രീധരന്‍ പിള്ള ജനിച്ചത്. വി.ജി. സുകുമാരന്‍ നായര്‍, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍.
വെണ്മണി മാര്‍ത്തോമ്മാ ഹൈസ്‌കൂളിലും പന്തളത്തുമാണ് ശ്രീധരന്‍ പിള്ള പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം 1974ല്‍ കോഴിക്കോട്ട് നിയമപഠനത്തിനായി പോയി. അടിയന്തരാവസ്ഥ കാലമാണു ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിനു കരുത്തുപകര്‍ന്നത്. അഭിഭാഷകനായ ശേഷം കോഴിക്കോട്ടെ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. നിലവില്‍ അഭിഭാഷകനായി ജോലി നോക്കുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ റീത്ത അഭിഭാഷകയാണ്

Latest Stories

We use cookies to give you the best possible experience. Learn more