ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് പറഞ്ഞിട്ടില്ല: സുരേഷ് ഗോപിയെ തള്ളി ശ്രീധരന്‍ പിള്ള
Sabarimala women entry
ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് പറഞ്ഞിട്ടില്ല: സുരേഷ് ഗോപിയെ തള്ളി ശ്രീധരന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st November 2018, 9:28 pm

കൊച്ചി: ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കാണിക്ക ഇടരുതെന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ശബരിമല വിഷയത്തില്‍ അങ്ങനെ പലരും വ്യക്തിപരമായ അഭിപ്രായം പറയുന്നുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണമെന്നും എന്നാല്‍ മാത്രമേ അമ്പലങ്ങളെ സര്‍ക്കാരിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭക്തജനങ്ങള്‍ ഒരു രൂപ പോലും ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും പണം നല്‍കരുത്. ഭക്തര്‍ തന്നെ മുന്‍കൈയെടുത്ത് സ്വന്തമായി ക്ഷേത്രങ്ങള്‍ നിര്‍മിക്കണം. ഇത്തരമൊരു ഓര്‍മ്മപ്പെടുത്തലിനാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയെ കൊണ്ട് ഈ വിധി പുറപ്പെടുവിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങേയറ്റം വേദനയോടെയാണ് ഇത് പറയുന്നത്. സര്‍ക്കാരിനോട് തനിക്ക് ശത്രുതയില്ലെന്നും ഭീരുത്വം കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.