| Monday, 5th November 2018, 9:49 am

നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി വിളിച്ചിരുന്നു; ധൈര്യം നല്‍കിയത് താന്‍; ഗുരുതര വെളിപ്പെടുത്തലുമായി പി.എസ് ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

നടയടയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ നേരം സംസാരിച്ചു. ആ സമയം ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു തന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹം പറയുന്നു.

യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കവേ ശ്രീധരന്‍ പിള്ള പറഞ്ഞു.

നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പേരിലാകും എടുക്കുകയെന്നും തിരുമേനി ഒറ്റയ്ക്കല്ല പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും എന്നും ഞാന്‍ മറുപടി നല്‍കി.

ഇതോടെയാണ് സര്‍ക്കാറിനെയും പൊലീസിനെയും അങ്കലാപ്പിലാക്കിയ തീരുമാനത്തിന് പിന്നില്‍ സംഭവച്ചത്. “തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി” എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നുമുള്ളതിന്റെ തെളിവാണിതെന്നും ശ്രീധരന്‍പിള്ള പറയുന്നു.


ശബരിമല; ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് ആവര്‍ത്തിച്ച് മേല്‍ശാന്തിമാര്‍


വിശേഷ പൂജക്കായി തിങ്കളാഴ്ച വീണ്ടും നട തുറക്കുമ്പോള്‍ യുവതികള്‍ കയറിയാല്‍ തന്ത്രി സമാന നിലപാടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് ഇന്നും ശബരിമല മേല്‍ശാന്തിമാര്‍ ആവര്‍ത്തിച്ചിരുന്നു. സുരക്ഷാ ചുമതലയുള്ള ഐ.ജി അജിത് കുമാര്‍ മേല്‍ശാന്തിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.

അതേസമയം ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ വനിതാ പൊലീസുകാര്‍ സന്നിധാനത്തെത്തി. 15 വനിതാ പൊലീസുകാരാണ് സന്നിധാനത്തെത്തിയത്.

പമ്പയില്‍ നൂറു വനിതാ പൊലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ അമ്പത് വയസ്സിന് മുകളിലുള്ള 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കും. ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more