ഗോവയില്‍ മുസ്‌ലിം ജനസംഖ്യ കൂടുന്നു, ക്രൈസ്തവര്‍ കുറയുന്നു; അന്വേഷണം ആവശ്യപ്പെട്ടതായി ശ്രീധരന്‍ പിള്ള
Kerala News
ഗോവയില്‍ മുസ്‌ലിം ജനസംഖ്യ കൂടുന്നു, ക്രൈസ്തവര്‍ കുറയുന്നു; അന്വേഷണം ആവശ്യപ്പെട്ടതായി ശ്രീധരന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2024, 11:36 am

പറവൂര്‍: ഗോവയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതായും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുണ്ടായതായും ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള പറഞ്ഞു. എറണാകുളം കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവയിലെ മുസ്‌ലിം ജനസംഖ്യ മൂന്ന് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ന്നെന്നും ക്രൈസ്തവ ജനസംഖ്യ 36 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറഞ്ഞെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോവയിലെ ജനസംഖ്യയിലുണ്ടായ മാറ്റത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഗോവയിലെ ബിഷപ്പ് ഹൗസുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഇവിടുത്തെ പോലെ അവിടെ നിരവധി ബിഷപ്പ് ഹൗസുകളില്ലെന്നും ഒരു ബിഷപ്പ് ഹൗസ് മാത്രമേയുള്ളൂ എന്നും ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം പറയുന്നുണ്ട്.

‘ഗോവയിലെ ആര്‍ച്ച് ബിഷപ്പുമായി വളരെ നല്ല ബന്ധമാണ്. അവിടെ ആകെ ഒരു ബിഷപ്പ് ഹൗസ് മാത്രമേയുള്ളൂ. താഴോട്ടൊന്നും ബിഷപ്പുമാരില്ല. അവിടുത്തെ ആര്‍ച്ച് ബിഷപ്പ് ഇപ്പോള്‍ കര്‍ദിനാള്‍ കൂടിയാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 36 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുണ്ടായിരുന്ന ഗോവയില്‍ ഇപ്പോള്‍ അത് 25 മാത്രമേയുള്ളൂ.

അതേസമയം 3 ശതമാനമുണ്ടായിരുന്ന ഇസ്‌ലാം വിശ്വാസികള്‍ 12 ശതനമാനയമായി വര്‍ദ്ധിച്ചു. അതിനെ കുറിച്ച് പോസീറ്റീവായി അന്വേഷിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവര്‍ സന്തോഷത്തോട് കൂടി അതിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്’ ശ്രീധരന്‍ പിള്ള പറഞ്ഞു.

content highlights: Goa’s Muslim Population Increases, Christians Decrease; Sreedharan Pillai has asked for an investigation