Kerala
'ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്' സുരേഷ് ഗോപിക്ക് ശ്രീധരന്‍ പിള്ളയുടെ പരസ്യവിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 24, 04:28 am
Wednesday, 24th May 2017, 9:58 am

കോഴിക്കോട്: സുരേഷ് ഗോപി എം.പിക്ക് ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ളയുടെ പരസ്യവിമര്‍ശനം. പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഉറപ്പുനല്‍കിയശേഷം അറിയിക്കുകപോലും ചെയ്യാതെ വരാതിരുന്നതിനാണ് സുരേഷ് ഗോപിയെ ശ്രീധരന്‍ പിള്ള വിമര്‍ശിച്ചത്.

ട്രൂ സ്‌കോളര്‍ സംഘടനയുടെ ബ്രയിന്‍ ക്ലബ് ഉദ്ഘാടനം ചെയ്യാമെന്നേറ്റശേഷം വരാതിരുന്ന സുരേഷ് ഗോപിയുടെ നടപടിയാണ് ശ്രീധരന്‍ പിള്ളയെ രോഷം കൊളളിച്ചത്.

“ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവാണ് സുരേഷ് ഗോപി. എങ്കിലും കാണിച്ചത് ഔചിത്യമല്ല. സംഘാടകര്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കാതിരുന്നതു ശരിയല്ല. ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്.” എന്നും അദ്ദേഹം പരസ്യമായി പറഞ്ഞു.


Must Read: ഷെഹ്‌ല റാഷിദിനെ അധിക്ഷേപിച്ചുള്ള ട്വീറ്റ്: ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു 


സുരേഷ് ഗോപിയുടെ കയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാനായി മാത്രം ഖത്തറില്‍ നിന്ന് എത്തിയ അഖില്‍ ഫൈസല്‍ അലി എന്ന വിദ്യാര്‍ഥിയുടെ വേദന കേട്ടതോടെയാണ് ശ്രീധരന്‍ പിള്ള ക്രുദ്ധനായത്. സുരേഷ് ഗോപിയുടെ കടുത്ത ആരാധകനായ ഫൈസല്‍ അലി അദ്ദേഹത്തെ കാണാമെന്ന പ്രതീക്ഷയിലാണ് ഖത്തറില്‍ നിന്നും കേരളത്തിലെത്തിയത്. ഖത്തറിലെ ദേശീയ റോബോട്ടിക് മത്സരത്തിലെ വിജയിയാണ് ഫൈസല്‍ അലി.

ചടങ്ങില്‍ അദ്ദേഹം എത്തില്ലെന്നു അറിഞ്ഞതോടെ ഫൈസല്‍ ഏറെ നിരാശനായി. പരിപാടിയുടെ സംഘാടകര്‍ സുരേഷ് ഗോപിയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ലെന്നു സംഘാടകരും വേദിയില്‍ പറഞ്ഞു.