| Wednesday, 30th May 2018, 6:39 pm

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ചെങ്ങന്നൂർ സ്ഥാനാർത്ഥി പി എസ് ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പി.എസ്.ശ്രീധരന്‍ പിള്ള. താന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്തുള്ള സമീപനം സംസ്ഥാന നേതൃത്വം പിന്തുടരുന്നില്ല എന്നാണ്  ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കൂടിയായ ശ്രീധരന്‍ പിള്ള പറഞ്ഞത്.

ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി പല പാഠങ്ങളും പഠിക്കണമെന്നും, ചെങ്ങന്നൂരിലെ മാറ്റം നേതാക്കള്‍ വേണ്ട വിധത്തില്‍ ഉള്‍ക്കൊണ്ടില്ലെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണ്ണാറായി സ്ഥാനാരോഹണം ചെയ്ത സാഹചര്യത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം നിലവില്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഈ ഒഴിവിലേക്ക് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രീധരന്‍ പിള്ളയുടെ വിമര്‍ശനം.

2004ല്‍ താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ കൂട്ടായ തീരുമാനങ്ങള്‍ ആയിരുന്നു സംസ്ഥാന നേതൃത്വം കൈക്കൊണ്ടിരുന്നത്. അന്നത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂവാറ്റുപുഴയില്‍ ജയിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ മടിയില്ലാതെ തന്നെ ബി ജെ പിയ്ക്ക് വോട്ട് ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന സംസ്ഥാന നേതൃത്വങ്ങള്‍ ഈ സമീപനം പിന്തുടര്‍ന്നില്ല.  ഇത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കി, ശ്രീധരന്‍ പിള്ള പറഞ്ഞു.

നാളെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന സാഹചര്യത്തില്‍, ശ്രീധരന്‍ പിള്ളയുടെ വിമര്‍ശനം സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കും.

We use cookies to give you the best possible experience. Learn more