മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹന്‍ലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ടായിരുന്നു.
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്ത സിനിമയായത് കൊണ്ട് വാലിബന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. എന്നാല്‍ ഇതിനിടയില്‍ തന്റെ സിനിമക്ക് എതിരെ വലിയ ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നുവെന്ന ആരോപണമായി സംവിധായകന്‍ രംഗത്ത് എത്തിയിരുന്നു.
ചിത്രത്തിന് മോഹന്‍ലാലിന്റെ ആരാധകര്‍ തന്നെ മോശം അഭിപ്രായമായിരുന്നു പറഞ്ഞത്. ഇപ്പോള്‍ ഇതിനെ കുറിച്ച്റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് മലൈക്കോട്ടൈ വാലിബന്റെ തിരക്കഥാകൃത്ത് പി.എസ്. റഫീഖ്.
‘ഒരാളുടെ കാഴ്ച്ചാ ശീലത്തെ പുതുക്കുക എന്ന് പറയുമ്പോള്‍ നമുക്ക് ഒരു കലാസൃഷ്ടി മുന്നില്‍ വെക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇത് അവര്‍ പുതുക്കേണ്ട സാധനമാണ്. അങ്ങനെ പുതുക്കപെട്ടിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴും അങ്ങനെയുള്ള ഒരു ഓഡിയന്‍സ് ഇവിടെയുണ്ട്.
ലാലേട്ടനാണെങ്കിലും മമ്മൂക്കക്ക് ആണെങ്കിലും, മമ്മൂക്ക ഇങ്ങനെയുള്ള സിനിമ മാത്രമേ ചെയ്യാന്‍ പാടുള്ളു, മമ്മൂക്ക ഈ കഥാപാത്രം ചെയ്താല്‍ ശരിയാവില്ല എന്നൊക്കെയുള്ള മുന്‍വിധി ഇവര്‍ക്കുണ്ട്. ലാലേട്ടന്‍ ഇതുപോലെയുള്ള കഥാപാത്രങ്ങളാണ് ചെയ്യേണ്ടത്, ഇത് ഫാന്‍സിന്റെ സിനിമയല്ല എന്നൊക്കെയാണ് പറയുന്നത്. ശരിക്കും അങ്ങനെയൊരു സിനിമയുണ്ടോ? അങ്ങനെയൊരു സിനിമയില്ല.
നമുക്ക് ഫാന്‍സിനെ ഒരിക്കലും പൂര്‍ണമായി തള്ളാന്‍ കഴിയില്ല. നിങ്ങളെ ഞാന്‍ ഇഷ്ടപെടുന്നു, ആരാധിക്കുന്നു എന്ന് പറയുമ്പോള്‍ അവര്‍ക്ക് ദ്രോഹം ചെയ്യാനും പാടില്ലല്ലോ. മോഹന്‍ലാല്‍ ഫാന്‍സിനെ കുറ്റം പറയുകയല്ല. ഫാന്‍സായി അനേക ലക്ഷം ആളുകളുണ്ട്, ചെറുപ്പക്കാരുണ്ട്.
അവരെ നമ്മള്‍ എന്തിനാണ് കുറ്റം പറയുന്നത്. എങ്കിലും നിങ്ങള്‍ ഇഷ്ടപെട്ട ആള്‍ക്ക് എതിരെയുള്ള കാര്യങ്ങളാണ് നിങ്ങള്‍ ചെയ്യുന്നത്. ലാലേട്ടന് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാനുള്ള അവസരം കിട്ടണം,’ പി.എസ്. റഫീഖ് പറഞ്ഞു.
Content Highlight: PS Rafeeque Talks About Mohanlal And His Fans