ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആമേന്‍. പി.എസ്. റഫീഖ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ മണി, സ്വാതി റെഡ്ഡി എന്നിവരായിരുന്നു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
സ്വാതി റെഡ്ഡിയുടെ ആദ്യ മലയാള സിനിമയായിരുന്നു ആമേന്‍. ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സ്വാതിയെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് പി.എസ്. റഫീഖ്.
സ്വാതിയുടെ കണ്ണ് കാണാന്‍ നല്ല ഭംഗിയാണെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യം ഉടക്കിയത് ആ കണ്ണിലാകുമെന്നും അദ്ദേഹം പറയുന്നു. സ്വാതിയെ കാസ്റ്റ് ചെയ്യുമ്പോള്‍ തനിക്ക് അങ്ങനെ തോന്നിയിരുന്നെന്നും എന്നാല്‍ ആ കാര്യം ഇതുവരെ ലിജോയോട് ചോദിച്ചിട്ടില്ലെന്നും റഫീഖ് പറഞ്ഞു.
സ്വാതി റെഡ്ഡിയുടെ ആദ്യ ചിത്രമായ സുബ്രഹ്‌മണ്യപുരം സിനിമയില്‍ താരത്തിന്റെ കണ്ണ് വെച്ചുള്ള ഒരു സീനുണ്ടെന്നും അത് കണ്ടാകും സ്വാതിയെ കാസ്റ്റ് ചെയ്യാന്‍ ലിജോ ആലോചിച്ചിട്ടുണ്ടാകുകയെന്നും അദ്ദേഹം പറയുന്നു.
‘സ്വാതിയുടെ കണ്ണ് നല്ല ഭംഗിയാണ്. ലിജോ ആദ്യം ഉടക്കിയത് ആ കണ്ണിലാകും. സ്വാതിയെ കാസ്റ്റ് ചെയ്യുമ്പോള്‍ എനിക്ക് അങ്ങനെ തോന്നിയിരുന്നു. ഞാന്‍ ഇതുവരെ ലിജോയോട് അത് ചോദിച്ചിട്ടില്ല.
സുബ്രഹ്‌മണ്യപുരം സിനിമയില്‍ അവരുടെ കണ്ണ് വെച്ച് ഉള്ള ഒരു സീനുണ്ട്. അത് കണ്ടാകും സ്വാതിയെ കാസ്റ്റ് ചെയ്യാന്‍ ആലോചിച്ചിട്ടുണ്ടാകുക എന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ പി.എസ്. റഫീഖ് പറഞ്ഞു.
ചിത്രത്തില്‍ നായകനായി ഫഹദ് ഫാസിലിനെ ആദ്യമേ തന്നെ തീരുമാനിച്ചിരുന്നതായും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, പി.എസ്. റഫീഖ് ഏറ്റവും പുതുതായി തിരക്കഥയൊരുക്കിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹന്‍ലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ടായിരുന്നു.
എന്നാല്‍ തിയേറ്ററിലെത്തിയതിന് ശേഷം സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇതിനിടയില്‍ തന്റെ സിനിമക്ക് എതിരെ വലിയ ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ രംഗത്ത് എത്തിയിരുന്നു.
Content Highlight: PS Rafeeque Talks About Lijo Jose Pellissery And Swathi Reddy