ഇന്ത്യയ്ക്ക് സഞ്ജീവ് ഭട്ട് എന്താണ്?
Opinion
ഇന്ത്യയ്ക്ക് സഞ്ജീവ് ഭട്ട് എന്താണ്?
പി.എസ് റഫീഖ്‌
Wednesday, 26th June 2019, 4:08 pm

ഇതെഴുതുമ്പോള്‍ ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ തബ്രീസ്‌ അന്‍സാരി എന്ന യുവാവ് കൊല്ലപ്പെട്ടു എന്ന് വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. മോഷണക്കുറ്റം ആരോപിച്ച് അയാളെ കെട്ടിയിട്ട് മര്‍ദിക്കുന്ന വീഡിയോ എല്ലാവരും കണ്ടു കഴിഞ്ഞതാണ്. ഈ വാര്‍ത്തയോടൊപ്പം തന്നെ ഒരു തമാശ പോലെ, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളും ദളിതുകളും ഇരയാക്കപ്പെടുന്നു എന്ന അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിട്ടുമുണ്ട്.

എല്ലാ വിഭാഗങ്ങള്‍ക്കും ഉള്ള മൗലിക അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട് എന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഭരണകൂട അധികാരത്തിന്റേയും തീവ്രഹിന്ദു സംഘടനകളുടെയും അന്ധമായ പ്രതികാരത്തിനിരയായ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ജീവപര്യന്തം, അനുഭാവപൂര്‍വ്വം നാം ഇപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നുമുണ്ട്. നാളെ സഞ്ജീവ് ഭട്ടിന് മേല്‍ക്കോടതികളില്‍നിന്ന് നീതി ലഭിച്ചാലും ഉന്നതപദവിയില്‍ ഇരിക്കുന്നവര്‍ക്ക് നേരെ പ്രതികരിച്ചാല്‍ രക്ഷയില്ല എന്ന സന്ദേശം ഇവിടെ ആകാശത്തുനിന്ന് വര്‍ഷിക്കപ്പെട്ടു കഴിഞ്ഞു.

എല്ലാ മനുഷ്യരിലും ഫാസിസം ഉണ്ട്. ഒരു ഐഡിയോളജിയെ ആധാരമാക്കുന്ന എല്ലാവരും തന്നെ ഇന്ന് ഫാസിസ്റ്റുകളാണ്. പ്രസ്തുത ഐഡിയോളജി മതാത്മകമായാലും വിമോചനാത്മകമായാലും. അത് മാര്‍ക്‌സിസ്റ്റിക്, സോഷ്യലിസ്റ്റിക്, ഉട്ടോപ്യനിസ്റ്റിക് തുടങ്ങി എന്ത് തന്നെ ആയാലും ഐഡിയോളജിയെ ആധാരമാക്കിയാല്‍ ആ സമൂഹം ഫാസിസ്റ്റിക് ആണ്. ഐഡിയോളജിക്കല്‍ ആകുമ്പോള്‍ അതില്‍ ഒരു ഒമിഷനും കമ്മീഷനും ഉണ്ട്. അത് ചില വീക്ഷണങ്ങള്‍ കൈക്കൊള്ളാന്‍ നിര്‍ബന്ധിതമാകും. മറ്റു ചിലതിനെ നിര്‍ബന്ധമായും ഒഴിവാക്കുക എന്ന മതാത്മക യുക്തി വളരെ സൂക്ഷ്മമായ ഇടങ്ങളില്‍ വരെ അതില്‍ കയറി വരും.

തോട്ട്‌ക്രൈം, ചിന്താപരാധം എന്ന വാക്ക് കയറിവരുന്നത് അങ്ങനെയാണ്. ജോര്‍ജ് ഓര്‍വെലിന്റേതാണ് ആ വാക്ക്. ചിന്തിച്ചു എന്നതിന് വരെ ശിക്ഷയുണ്ട്. ചിന്തിക്കുന്നത് പറയുമല്ലോ! സോവിയറ്റ് റഷ്യയില്‍ റിവിഷനിസ്റ്റുകള്‍ അഥവാ തിരുത്തല്‍വാദികള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. തിരുത്തല്‍ വാദം എന്നാല്‍ സ്വതന്ത്രമായി അഭിപ്രായം പറയുക, വ്യത്യസ്തമായി ചിന്തിക്കുക എന്നത് തന്നെ. സ്വതന്ത്രമായി ചിന്തിച്ചു എന്ന് പറയാന്‍ കഴിയാത്തതുകൊണ്ട് തിരുത്തല്‍വാദം എന്ന് പേരിട്ടു വിളിക്കുന്നു എന്നുമാത്രം.

തിരുത്തുക എന്നത് ഓര്‍ത്തഡോക്‌സിയ്ക്ക് എതിരാണ്. ഓര്‍ത്തഡോക്‌സിയോട് മനുഷ്യന്‍ പെട്ടന്ന് ഇണങ്ങും. പാരമ്പര്യമായി തുടര്‍ന്നു വരുന്നതാണ് അത്. എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന കാര്യങ്ങളാണ് ഓര്‍ത്തഡോക്‌സിയില്‍ ഉള്ളത്. അതിനകത്ത് ഒരാള്‍ മാറി ചിന്തിച്ചാല്‍ അതിനെ തിരുത്ത് എന്നാണ് മതത്തില്‍ പറയുന്നത്.

ഹെററ്റിക് എന്നാല്‍ ഓര്‍ത്തഡോക്‌സിക്ക് എതിര് നില്‍ക്കുന്ന, തന്റേതായ വ്യക്തി വീക്ഷണങ്ങള്‍ ഉള്ള ഒരാളാണ്. അക്കാരണങ്ങളാല്‍ മതയുക്തിക്ക് പുറത്തായ ഒരാളാണ് ആണ് ഹെററ്റിക്. അങ്ങനെയുള്ളയാള്‍ കൊല്ലപ്പെടുകയോ കല്‍ത്തുറുങ്കില്‍ അടക്കപ്പെടുകയോ ചെയ്യും. ഇതൊരു ബോധമാണ്. എന്‍ലൈറ്റന്‍മെന്റിന് മുന്‍പുള്ള യൂറോപ്യന്‍ സമൂഹത്തിന്റെ ബോധമാണത്. ഈ ബോധത്തെയാണ് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റുകള്‍ തിരുത്തല്‍ വാദം കൊണ്ട് എതിര്‍ത്തത്. അവര്‍ റിവിഷനിസം എന്ന വാക്ക് കൊണ്ടുവന്നു.

തിരുത്തല്‍വാദം എന്ന് പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആ തിരുത്തല്‍വാദി ഒരു മോശക്കാരന്‍ ആണ് എന്ന് ധാരണ വരുന്നുണ്ട്. സമൂഹം അംഗീകരിച്ചിട്ടുള്ള പൊതുവായ നിയമങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന ഒരാള്‍ ആണ് അയാള്‍. ഐഡിയോളജി വിധികളുടെയും വിലക്കുകളുടെയും ഒരു കര്‍മ്മ പുസ്തകമാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഒരു ഐഡിയോളജി ഉണ്ടായിരുന്നു. എന്തായിരുന്നോ ആ ഐഡിയ, അത് നേടിക്കഴിഞ്ഞപ്പോള്‍ ഓളജി പോയിക്കിട്ടി. ഒരു ഇലക്ഷന്‍ വേണം, ആരെങ്കിലും ഭരിക്കണം അത് ഞങ്ങള്‍ തന്നെയാവുന്നതാണ് ഞങ്ങള്‍ക്കിഷ്ടം എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ചില ഗുണങ്ങളും അതുകൊണ്ട് ഇല്ലാതിരുന്നില്ല. മന്ത്രിമാരെ കരിങ്കൊടി കാണിക്കുകയോ തടയുകയോ ഒക്കെ ചെയ്യാനുള്ള സ്വാതന്ത്ര്യം അത് ജനങ്ങള്‍ക്കു നല്‍കിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ കൂടാതെ മറ്റ് രണ്ട് ഐഡിയോളജികള്‍ കൂടി ഇടപെട്ടിട്ടുണ്ട്. ഒന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെതാണ്. അത് അത്ര വേരോടിയില്ല. രണ്ടാമത്തേത് ഹിന്ദുയിസത്തിന്റേതും. രണ്ടാമത്തേത് രാജ്യത്ത് നന്നായി വേരോടിയിട്ടുണ്ട്. ഒരു ഐഡിയോളജി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ചില രീതികളുണ്ട്. ഒന്ന്, അക്രമം അടിച്ചേല്‍പ്പിക്കുക, മിലിറ്ററിസ്റ്റിക്കായി. രണ്ട്, ഗ്രാസ്സ് റൂട്ട് ലെവലില്‍ നിന്ന് പുതിയ യുക്തികള്‍ ജനങ്ങള്‍ക്ക് ഇട്ടുകൊടുക്കുക. പുതിയ കോമണ്‍സെന്‍സുകളെ ഉത്പാദിപ്പിക്കുക. അത് സാമാന്യബോധത്തിലേക്ക് എത്തിക്കുക. ജനങ്ങള്‍ അത് വിനിമയം ചെയ്യുന്ന പൊതുസ്ഥിതി ഉണ്ടാക്കിയെടുക്കുക. സംഘപരിവാര്‍ ഈ രണ്ട് മാര്‍ഗ്ഗവും സ്വീകരിച്ചിട്ടുണ്ട്.

അക്രമവും അതിനേക്കാളുപരി രണ്ടാമത്തെ മാര്‍ഗവും അവര്‍ നന്നായി ഉപയോഗിക്കുന്നുമുണ്ട്. ഹിന്ദു എന്ന് പറഞ്ഞാല്‍ ഉടന്‍ തന്നെ മുസ്ലിം എന്ന് നമ്മള്‍ പറയുന്നുണ്ടല്ലോ! അങ്ങനെയൊരു വിപരീതമായ ദ്വന്ദം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണ്. കുട്ടികളുടെ ചേരുംപടി ചേര്‍ക്കാന്‍ ഉള്ള ഒരു പരീക്ഷയില്‍ ഒരു കോളത്തില്‍ ഹിന്ദു എന്നും ഒരു കോളത്തില്‍ മുസ്ലിം എന്നും ചേര്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും കുട്ടികള്‍ ഹിന്ദുവിനെതിരെ മുസ്ലിം എന്നെഴുതും.

ഹിന്ദുവും മുസ്ലിമും അല്ല നമ്മളൊക്കെ ഒക്കെ മനുഷ്യരാണ് എന്ന് പറയുന്നവരും മേല്‍പ്പറഞ്ഞ ബൈനറിയില്‍ വീണു കഴിഞ്ഞു. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ചോദ്യം ചെയ്യുന്നവരും എല്ലാം ഈ യുക്തിക്ക് അടിമയാണ്. ഇന്ത്യയില്‍ ഇത് ഏറെക്കുറെ വിജയിച്ചു കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകളായാലും വ്യത്യസ്തമായി ചിന്തിക്കുന്നവരായാലും അവര്‍ ഇതേ യുക്തിയുടെ ഏജന്റുമാരാണ്. പാസീവ് ഏജന്റ്മാരും ആക്ടീവ് ഏജന്റ്മാരും ഉണ്ട്. ഇതൊന്നും ആസന്നമല്ല യാഥാര്‍ത്ഥ്യമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന് നിലനില്‍പ്പുണ്ടോ എന്നത് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സംശയാസ്പദമാണെങ്കിലും ഇന്നത് ഒരു വസ്തുതയാണ്.

ഇവിടെ മുസ്ലിങ്ങള്‍ വിദേശികളാണ് എന്ന ഒരു ബോധം ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍, ക്രിസ്ത്യാനികള്‍ തുടങ്ങി ഒക്കെ വിദേശികള്‍ ആണെന്ന ബോധം മന:പൂര്‍വ്വം ഇവിടെ ഉണ്ടാക്കിയെടുത്തതാണ്. ലോകത്ത് എവിടെയൊക്കെ ഫാസിസം വന്നിട്ടുണ്ടോ അവിടെയൊക്കെ യാദൃശ്ചികമായോ അല്ലാതെയോ കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടായിരുന്നു. വിചാരധാരയില്‍ കൃത്യമായി ഉന്നം വെയ്ക്കുന്നത് ഈ മൂന്ന് വിഭാഗങ്ങളെയാണ്.

ഇന്ത്യന്‍ ജനതയുടേത് ഒരു ഫിക്റ്റിഷിയസ് എന്റിറ്റിയാണ്. കാല്പനിക സത്ത, സ്വത്വം എന്നൊക്കെ പറയാം. ഇന്ത്യന്‍ ജനത എന്നു പറയുന്നത് ഒരു കാല്‍പ്പനികതയാണ്. ഇവിടെയുള്ള ആള്‍ക്കൂട്ടങ്ങളെ ആണ് നമ്മള്‍ ജനത എന്ന് വിളിക്കുന്നത്. അത് നിരവധി ഗ്രൂപ്പുകളുടെ മള്‍ടിറ്റിയൂഡ് മാത്രമാണ്.

ഓരോ ഗ്രൂപ്പിനും ഓരോ ഐഡന്റിറ്റി ഉണ്ട്. ഭാഷ ഐഡന്റിറ്റി, വംശീയ ഐഡന്റിറ്റി, മതാത്മകമായ ഐഡന്റിറ്റി അങ്ങനെയങ്ങനെ. ഡൈവേഴ്‌സിറ്റി എന്ന വാക്ക് കുറച്ചുകൂടി തന്ത്രപരമായതാണ്. വ്യത്യാസങ്ങള്‍ എപ്പോഴും വൈരുദ്ധ്യങ്ങള്‍ ആവണമെന്നില്ല. വൈരുദ്ധ്യം എന്ന യാഥാര്‍ത്ഥ്യത്തെ തമസ്‌കരിച്ച് വ്യത്യാസത്തെ ആഘോഷിക്കുന്ന വാക്ക് മാത്രമാണ് ഡൈവേഴ്‌സിറ്റി.

പ്രയോജനവാദത്തിന്റെ ആധുനിക യുക്തിയില്‍ ആണ് നമ്മള്‍ ഇതര സംസ്ഥാന തൊഴിലാളികളെ വരെ ഇവിടെ സ്വീകരിക്കുന്നത്. പ്രാഗ്മാറ്റിസം ആണ് ഇവിടെ മീഡിയേറ്റര്‍. നമ്മള്‍ വിശ്വസിക്കുന്നത് ഇന്ത്യന്‍നെസ്സ് എന്ന മിഥ്യയ്ക്ക് വേണ്ടിയാണ്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഫാസിസം വളരെ പെട്ടെന്ന് വിജയിച്ച ഒന്നാണ്. അത് തൂത്തെറിയപ്പെട്ടത് മിലിറ്ററിസ്റ്റിക് ആയിട്ടാണ്. ഇത് ശരിയല്ല എന്ന അവബോധത്തിലൂടെ ജനങ്ങള്‍ ഇടപെട്ട് ഇല്ലാതാക്കിയതല്ല അത്. സൈക്കോളജിക്കലി അത് ഇല്ലാതാക്കപ്പെട്ടിട്ടുണ്ടോ എന്നതും സംശയമാണ്.

ഇന്ത്യന്‍ ജനത, ജര്‍മന്‍ ജനതയെപ്പോലെ വണ്‍ നേഷന്‍ അല്ല. അതാണ് ഐഡിയോളജികള്‍ ഇന്ത്യയില്‍ നേരിടുന്ന ഒരു പ്രശ്‌നം. ഈ പ്രതിസന്ധി കമ്മ്യൂണിസ്റ്റുകാര്‍ നേരിടുന്നുണ്ട്. മാര്‍ക്‌സ് മാര്‍ക്‌സിസം എഴുതുമ്പോള്‍ അദ്ദേഹം മനസ്സില്‍ കണ്ട ജനതയല്ല ഇന്ത്യന്‍ ജനത. ജര്‍മന്‍ ജനതയും ബ്രിട്ടീഷ് ജനതയും പോലെ അല്ല അത്. കേരളത്തിലെ കര്‍ഷകനും മഹാരാഷ്ട്രയിലെ കര്‍ഷകനും വ്യത്യാസമുണ്ട്. തമിഴ്‌നാട്ടിലുള്ള കര്‍ഷകര്‍ മേല്‍പ്പറഞ്ഞ രണ്ടില്‍നിന്നും വ്യതിരിക്തമാണ്.

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ വിഷമം ഒന്നും കാണില്ല. തിരിച്ചും അങ്ങനെ തന്നെ. വ്യത്യാസം ഭൂമിശാസ്ത്രത്തില്‍ മാത്രമല്ല. സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും സാമൂഹ്യ രൂപീകരണത്തിലും ഉണ്ട്. ഈ ജനതയുടെ ഐഡിയോളജികള്‍ ഏറെക്കാലം വിജയിക്കാന്‍ സാധ്യതയൊന്നുമില്ല. നിരവധി തരം ഐഡന്റിറ്റികളുടെ ഒരു കൂട്ടം മാത്രമാണ് ഇന്ത്യയില്‍ ഒരു രാജ്യം ഒരു ഇലക്ഷന്‍ എന്ന ആശയം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് പ്രധാനകാരണം തന്നെ അതാണ്. ഒറ്റഭാഷ എന്ന തരത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബി.ജെ.പി ശ്രമിച്ചത് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം. ഈ ശ്രമം മുന്‍പ് പാകിസ്ഥാനില്‍ നടത്തിയപ്പോഴാണ് ബംഗ്ലാദേശ് യുദ്ധം ഉണ്ടായത്. ഭാഷയ്ക്ക് സ്വാധീനശക്തി കൂടുതലാണ്.

ബി.ജെ.പി, ഭാഷയുടെ കാര്യത്തിലുള്ള പിടിവാശി തല്‍ക്കാലം ഉപേക്ഷിച്ചത് അടിവേരിളകും എന്ന് ഭയന്നിട്ട് തന്നെയാണ്. ഫാസിസ്റ്റുകള്‍ക്കെതിരെ ഉള്ള നമ്മുടെ പ്രത്യാശയും ഇതുതന്നെ. ദേശീയത എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് പള്ളിക്കൂട ഗൃഹാതുരതയാലാണ്. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു കേള്‍ക്കുമ്പോഴുള്ള രോമാഞ്ചവും ഒരു ഭൂതകാല ആരാധനയാണ്.

ഇന്ത്യന്‍ സമൂഹങ്ങളുടെ കൂട്ടത്തിന് അഭിമാനം എന്നൊന്നില്ല. അതിന് ലീനിയറായ ഒറ്റ ചരിത്രം ഇല്ലാത്തതാണ് പ്രധാന കാരണം. ഇവിടത്തെ ചരിത്രം പുലയരുടെ ചരിത്രം പറയരുടെ ചരിത്രം നായരുടെ ചരിത്രം ബ്രാഹ്മണരുടെ ചരിത്രം സിഖുകാരുടെ ചരിത്രം പാഴ്‌സിയുടെ ചരിത്രം മുസ്ലിമിന്റെ ചരിത്രം ക്രിസ്ത്യാനിയുടെ ചരിത്രം ഹിന്ദുവിന്റെ ചരിത്രം എന്നിങ്ങനെ ആള്‍ക്കൂട്ടങ്ങളുടെ ചരിത്രമാണ്. അത് എല്ലാവരും കൈമാറുന്നു എന്ന് മാത്രം. എല്ലാവരും പങ്കുവെച്ച് പാരമ്പര്യമായി തുടര്‍ന്നു വരുന്ന ചരിത്രം ഇന്ത്യയ്ക്ക് ഇല്ല.

വൈരുദ്ധ്യാത്മകമായ ആന്റഗണിസ്റ്റിക്കായ പങ്കുവെപ്പേ ഇവിടെ ഉള്ളൂ. ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക ചരിത്രം കൃത്രിമമാണ്. അഭിമാന ബോധം ഇല്ലാത്തതുകൊണ്ടാണ് നാം എ.ടി.എം മെഷീനുകളുടെ മുന്നില്‍ ക്യൂ നിന്നത്. ജര്‍മന്‍ ജനതയോ ബ്രിട്ടീഷ് ജനതയോ അറബ് ജനതയോ അങ്ങനെയല്ല. ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തെ അതിന് ഒരു അപവാദം ആയി ഉയര്‍ത്തിക്കാട്ടിയേക്കാം. ഇന്ത്യക്കാരുടെ ശല്യം സഹിക്കാനാവാതെ രാജ്യം ഉപേക്ഷിച്ച് പോകേണ്ട ഗതികേട് ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടായിരുന്നില്ല. അത് അവരുടെ തീരുമാനമായിരുന്നു.

ഇന്ത്യന്‍ ആഭ്യന്തര സമൂഹത്തിലെ റൂളിങ്ങ് ക്ലാസിന് അധികാരം വേണമായിരുന്നു. ബ്രിട്ടീഷുകാര്‍ നമുക്ക് ഒന്നിച്ച് ഭരിക്കാം എന്ന് പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് എതിര്‍പ്പൊന്നും ഉണ്ടാവുകയില്ലായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ പലരുടെയും പങ്കാളിത്തം ആരോപിത പങ്കാളിത്തമാണ്. ഒരു ജനത എന്ന നിലയില്‍ ഇവിടെ പറയപ്പെടുന്ന മൂല്യങ്ങളാണ് ബ്രിട്ടീഷുകാരെ ഇവിടെനിന്ന് തുരത്തിയത് എങ്കില്‍ ആ മൂല്യങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് നാം ആലോചിക്കേണ്ടതല്ലേ? നല്ലൊരു ശതമാനം ഇന്ത്യന്‍ ജനത ഇന്നും നിരക്ഷരരാണ്. കാലങ്ങള്‍ ഇവിടെ ഭരിച്ച കോണ്‍ഗ്രസിന് അതൊരു തെറ്റായി തോന്നിയിട്ടില്ല. സാധാരണജനങ്ങളുടെ തലയ്ക്കുമീതെ നടന്ന അധികാര കൈമാറ്റം മാത്രമായിരുന്നു സ്വാതന്ത്ര്യം.

കര്‍മ്മ സിദ്ധാന്തമാണ് ഇന്ത്യന്‍ജനതയെ ഇന്നും നയിക്കുന്നത്. എല്ലാവരെയും ഒരുപോലെ കോര്‍ത്തു കൊണ്ടുപോകുന്ന ചരടാണ് അത്. വിധിവാദം എല്ലാവരുടെയും ഉള്ളിലുണ്ട്. നോട്ട് നിരോധനം വിധിയായി കാണാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിയും. ഭരണകൂടം റേഷനരി നിര്‍ത്തിയാല്‍ അതും വിധിയായി കാണാന്‍ ഇന്ത്യന് കഴിയും. അഭിമാനം ഇല്ലാത്തതുകൊണ്ട് എന്ത് അനീതിയും സഹിക്കാന്‍ നമുക്കാകും. ഇലക്ട്രോണിക് മെഷീനില്‍ തിരിമറി നടന്നു എന്ന് വ്യാപക പരാതികള്‍ ഉണ്ടായിട്ടും നമുക്ക് ഒരു ഇളക്കവും ഉണ്ടായിട്ടില്ല.

ഈജിപ്തിലെ ഹുസ്‌നി മുബാറകിനെതിരെ തഹ്‌രീര്‍ സ്‌ക്വയറില്‍ ജനം സംഘടിച്ചത് ഓര്‍ക്കുക. ഹോസ്‌നി മുബാറക്കിന്റെ 30 വര്‍ഷം നീണ്ട ഭരണം തകര്‍ന്നുതരിപ്പണമായി. ഇവിടെ വോട്ടിങ് മെഷീനിലെ ക്രമക്കേട് ചര്‍ച്ചാവിഷയവും തര്‍ക്കവിഷയവും മാത്രമായി നമുക്ക് വസ്തുവല്‍ക്കരിക്കപ്പെട്ടു.

നിലവില്‍ തൊഴിലും ഭക്ഷണവും പാര്‍പ്പിടവും അടങ്ങുന്ന ഫീല്‍ഗുഡ് ജീവിതം ഉണ്ടെങ്കില്‍ നാം എന്തും ക്ഷമിക്കും. ഇന്നലെവരെ നമ്മെ ചൂഷണം ചെയ്ത മുതലാളി ഇന്ന് നമ്മളോട് ചിരിച്ചാല്‍ നാം അയാളോട് ക്ഷമിക്കും. ഇപ്പോഴും അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്നവര്‍ നാട്ടിലുണ്ട്. സ്വാതന്ത്ര്യം വേണോ പത്ത് കൊല്ലത്തേക്ക് ഭക്ഷണം കഴിക്കാനുള്ള അരി വേണോ എന്ന് ഇന്ത്യക്കാരോട് ചോദിച്ചാല്‍ അരി മതി എന്ന് ഇന്ത്യക്കാര്‍ പറയും. സഞ്ജീവ് ഭട്ട് ബ്യൂറോക്രസിയോടുള്ള ഭരണകൂടത്തിന്റെ മെസ്സേജ് ആണ്. നിങ്ങള്‍ കുഞ്ഞായിരിക്കുമ്പോള്‍ ചെയ്ത കാര്യങ്ങള്‍ വരെ ഞങ്ങള്‍ എടുത്ത് പുറത്തിടുമെന്നും അതുകൊണ്ട് മര്യാദയ്ക്ക് വരിയില്‍ നിന്നോളൂ എന്നും ഉള്ള സന്ദേശം.

പി.എസ് റഫീഖ്‌
കഥാകൃത്തും തിരക്കഥാകൃത്തും