Advertisement
Pala Bypoll
പാലാ ഉപതെരഞ്ഞടുപ്പ്: ബി.ജെ.പിക്ക് വിജയസാധ്യതയില്ല; ക്രൈസ്തവ സ്വതന്ത്രനെ മല്‍സരിപ്പിക്കണമെന്നും പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 26, 12:00 pm
Monday, 26th August 2019, 5:30 pm

കോട്ടയം: പാലാ ഉപതെരഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് വിജയസാധ്യതയില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ക്രൈസ്തവ സ്വതന്ത്രനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കിയാല്‍ പാലയില്‍ വിജയിക്കാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പി.സി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകുമെന്നും മകന്‍ ഷോണ്‍ മത്സരിക്കാനില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. യു.ഡി.എഫ് വിട്ടുവന്നാല്‍ പി.ജെ ജോസഫിനെ എന്‍.ഡി.എ മുന്നണി സ്വീകരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

‘ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിച്ചാല്‍ പാലായില്‍ നാണംകെട്ട് തോല്‍ക്കും. നിഷ നാമനിര്‍ദേശം കൊടുക്കുന്നതിന് മുമ്പ് തന്നെ തോല്‍ക്കും. നിഷയെ സ്ഥാനാര്‍ഥിയാക്കുകയെന്ന മണ്ടത്തരം ജോസ് കെ മാണി കാണിക്കില്ലെ’ന്നും പിസി ജോര്‍ജ് പറഞ്ഞു

പൊതുസ്വതന്ത്രനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ എന്‍.ഡി.എ പ്രതിനിധി പാലായില്‍ നിന്ന് നിയമസഭയില്‍ എത്തും. നിലവില്‍ രണ്ട് അംഗങ്ങളാണ് നിയമസഭയില്‍ എന്‍.ഡി.എയ്ക്കുള്ളത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇത് മൂന്നാകുമെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു.

അതേസമയം, പാലാ നിയമസഭാ സീറ്റ് സി.പി.ഐ.എം ഏറ്റെടുക്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയതോടെ മണ്ഡലത്തില്‍ ഒരിക്കല്‍ക്കൂടി എന്‍.സി.പിക്കു കളമൊരുങ്ങുകയാണ്.

തങ്ങളുടെ സീറ്റില്‍ പതിവു പോലെ മാണി സി. കാപ്പനെ തന്നെ മത്സരിപ്പിക്കാനാണ് നിലവില്‍ എന്‍.സി.പി ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് സൂചന. കെ.എം മാണിയുടെ അസാന്നിധ്യത്തില്‍ മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പാലാക്കാര്‍ക്കു സുപരിചിതനായ കാപ്പനു കഴിയുമെന്നാണ് പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ.

മൂന്നുതവണയാണു മുന്‍പ് മാണി സി. കാപ്പന്‍ കെ.എം മാണിയെ നേരിട്ടത്. അന്നൊക്കെയും മാണിയോടൊപ്പം വിജയം നിന്നു. എന്നാല്‍ കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു.