തൃശൂര്‍: തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ പ്രതിഷേധങ്ങളെ കാര്യമായെടുക്കുന്നില്ലെന്ന് കെ.പി.എസി ലളിത. സിനിമകളോടുള്ള പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണം പോലുള്ളതാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങളെന്നും കെ.പി.എസി ലളിത പറഞ്ഞു. വടക്കാഞ്ചേരിയില്‍ മത്സരിച്ചാല്‍ വിജയിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കെ.പി.എസി ലളിത പറഞ്ഞു.
മത്സരിക്കാന്‍ തയ്യാറാണോയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചപ്പോള്‍ സമ്മതമറിയിച്ചിരുന്നു. വടക്കാഞ്ചേരിയില്‍ ആരു ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായാലും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കെ.പി.എസി ലളിത പറഞ്ഞു.
അതേ സമയം കെ.പി.എസി ലളിത ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വരുന്നതിനെതിരെ വടക്കാഞ്ചേരിയില്‍ ഇന്നും പ്രതിഷേധമുയര്‍ന്നിരുന്നു. അന്‍പതോളം വരുന്ന ഇടതുമുന്നണി പ്രവര്‍ത്തകരാണ് വടക്കാഞ്ചേരിയില്‍ ഇന്നു പ്രകടനം നടത്തിയത്. കെ.പി.എസി ലളിതയ്ക്ക് പകരം സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം.