കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 200 ല്‍ അധികം സീറ്റുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
216 സീറ്റില്‍ തൃണമൂല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ബംഗാള്‍ പിടിച്ചെടുക്കുമെന്ന് അവകാശവാദം മുഴക്കിയ ബി.ജെ.പി 75 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് മുഴുവന്‍ ബംഗാളില്‍ 100 ല്‍ അധികം സീറ്റ് നേടുമെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്. എന്നാല്‍ ബി.ജെ.പിക്ക് രണ്ടക്കം കടക്കില്ലെന്ന് തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ ഓര്‍ത്തുവെക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. കിഷോറിന്റെ വാക്കുകള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് ബംഗാളില്‍ നടക്കുന്നത്.
ആദ്യം നൂറിന് മുകളില്‍ ബി.ജെ.പി മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് രണ്ടക്കത്തിലേക്ക് താഴുകയായിരുന്നു.ഇതിന് പിന്നാലെ പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തി. ട്വിറ്ററില്‍ പ്രശാന്ത് കിഷോര്‍ ഹാഷ്ടാഗ് ട്രെന്റിംഗ് ആണ്.
പ്രവചനത്തിന്റെ ഒരു ലെവലേ, മറ്റേത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെക്കാളും മികച്ച ആള്‍ താന്‍ തന്നെയാണെന്ന് കിഷോര്‍ തെളിയിച്ചു, വാക്കുപറയുന്നുണ്ടെങ്കില്‍ ഇതുപോലെ പറയണം എന്നിങ്ങനെയാണ് പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍.
അതേസമയം, ഏറ്റെടുത്ത ജോലി പൂര്‍ത്തിയായതോടെ താന്‍ തെരഞ്ഞെടുപ്പ് ഉപദേശക ജോലി ഉപേക്ഷിക്കുകയാണെന്ന് ് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രശാന്തിന്റെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ മമതയെയും തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിനെയും സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
താന്‍ ജോലിയില്‍ നിന്ന് പിന്മാറുകയാണെന്ന പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇനി എന്താണ് പരിപാടി എന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ ഇനി മിക്കവാറും അസമില്‍ കുടുംബത്തോടെ താമസം മാറുകയും ചായത്തോട്ടം സ്ഥാപിക്കുകയുമായിരിക്കും ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Prshanth Kishore Trending in Social Media