'ആ പ്രസ്താവന അവര്‍ സ്വയം തോന്നി പറഞ്ഞതാണെന്ന് തോന്നുന്നുണ്ടോ,അവരെക്കൊണ്ട് പറയിപ്പിച്ചതാണ്'; വിമര്‍ശനവുമായി ഉവൈസി
DELHI VIOLENCE
'ആ പ്രസ്താവന അവര്‍ സ്വയം തോന്നി പറഞ്ഞതാണെന്ന് തോന്നുന്നുണ്ടോ,അവരെക്കൊണ്ട് പറയിപ്പിച്ചതാണ്'; വിമര്‍ശനവുമായി ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd March 2020, 2:44 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിലേക്ക് നയിച്ചതുപോലുള്ള പ്രകോപനപരമായ പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കള്‍ നടത്തുന്നത് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദില്‍ ഉവൈസി.

” ദല്‍ഹിയില്‍ ഇത്രയേറെ നിഷ്‌കളങ്കര്‍ കൊല്ലപ്പെടതിനെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം പറഞ്ഞില്ല. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും മുന്‍ എം.എല്‍.എയും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ ജനങ്ങളെ കൊല്ലാന്‍ പ്രേരിപ്പിച്ചു. ആ പ്രസ്താവന അവര്‍ സ്വയംതോന്നി പറഞ്ഞതാണോ? അല്ല പാര്‍ട്ടി നേതൃത്വമാണ് അവരെക്കൊണ്ടത് പറയിപ്പിച്ചത്,” അദ്ദേഹം പറഞ്ഞു.

” ഇന്ത്യയില്‍ സംഭവിച്ചത് ഒരു വര്‍ഗീയകലാപമല്ല. വംശഹത്യയും കൂട്ടക്കൊലയുമാണ്. അവിടെ നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പങ്കാളിത്വമുണ്ട്. ലോകം മുഴുവന്‍ കണ്ടതാണ് പൊലീസ് എങ്ങനെയാണ് നാല് യുവാക്കളെക്കൊണ്ട് ദേശീയഗാനം ചൊല്ലാന്‍ നിര്‍ബന്ധിച്ചതെന്ന്. അതിലൊരാള്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയെ വീട്ടിനുള്ളില്‍ തീവെച്ചു കൊലപ്പെടുത്തി. ഒരു ഐ.ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു,” ഉവൈസി പറഞ്ഞു.

കഴിഞ്ഞദിവസം ദല്‍ഹി കലാപത്തില്‍ നരേന്ദ്ര മോദിയേയും ബി.ജെ.പിയെയുംവിമര്‍ശിച്ച് ഉവൈസി രംഗത്തെത്തിയിരുന്നു.

‘ എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാനുള്ളത് ഇതാണ്, അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കടുത്തു നിന്ന് കുറച്ചുമാത്രം ദൂരമുള്ള ദല്‍ഹിയില്‍ നടന്ന കലാപത്തെക്കുറിച്ച് എന്തുകൊണ്ടാണ് അദ്ദേഹം ഒരുവാക്കുപോലും ഉരിയാടാത്തത് ?” എന്നാണ് ഉവൈസി ചോദിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ