| Friday, 31st March 2023, 2:07 pm

രാമനവമി ഘോഷയാത്രക്കിടെ മുസ്‌ലിം വീടുകൾക്ക് നേരെ കല്ലെറിഞ്ഞ് ഹിന്ദുത്വവാദികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാമനവമി ഘോഷയാത്രയ്ക്കിടെ മാൽവാനിയിൽ ഹിന്ദുക്കളും മുസ് ലിങ്ങളും തമ്മിൽ ഏറ്റുമുട്ടൽ. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നൂറുകണക്കിന് ആളുകളാണ് ഘോഷയാത്രക്ക് പങ്കെടുത്തത്.

ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള ഡി.ജെ സംഗീതം വെച്ചതിനെതിരെ പ്രദേശവാസികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

മുസ്‌ലിങ്ങൾ കൂടുതലുള്ള പ്രദേശമാണ് മാൽവാനി. വാക്കുതർക്കത്തിന് പിന്നാലെ ഘോഷയാത്രയിൽ പങ്കെടുത്ത ചിലർ പ്രദേശത്തെ വീടുകൾക്ക് നേരെ കല്ലെറിയുകയായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങളും സംഘം ഉയർത്തിയതായി ഹിന്ദുത്വവാച്ച് ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിന് പിന്നാലെ മാൽവാനി പൊലീസ് സ്ഥലത്തെത്തുകയും ലാത്തിചാർജ് നടത്തി ജനക്കൂട്ടത്തെ മാറ്റുകയുമായിരുന്നു. സംഘർഷത്തിന് പിന്നാലെ പ്രദേശത്തെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

അതേസമയം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഘർഷത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രാദേശിക കോൺഗ്രസ് എം.എൽ.എ അസ്ലം ഷെയ്ഖ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ രാമനവമി ആഘോഷങ്ങൾക്കിടെ ജൽഗാവ്, ഛത്രപതി സംഭാജിന​ഗർ തുടങ്ങിയ പ്രദേശങ്ങളിൽ സംഘർഷമുണ്ടായിരുന്നു.

Content  Highlight: Provocative slogans near mosque, stone pelting in Malad amid Ram Navami rally

We use cookies to give you the best possible experience. Learn more