ലഖ്‌നൗ: യു.പിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ ബന്ധുക്കള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
സഹായം നല്‍കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വോട്ടെണ്ണല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബഹിഷ്‌ക്കരിക്കുമെന്നും അഖിലേഷ് പറഞ്ഞു.
കൊവിഡ് ഏറ്റവും മോശമായി ബാധിച്ച പത്ത് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 577 അധ്യാപകരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും മരിച്ചതായി യു.പിയിലെ ടീച്ചേഴ്സ് യൂണിയന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച പട്ടിക യൂണിയന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.
പഞ്ചായത്ത് വോട്ടെടുപ്പിനിടെ കൊവിഡ് മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചതായി ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.
തങ്ങളുടെ ജില്ലകളിലെ അധ്യാപകരുടെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്പെഷ്യല്‍ വര്‍ക്ക് ഓഫീസര്‍ എസ്.കെ സിംഗ് എല്ലാ ഡി.എം.മാര്‍ക്കും എസ്.പികള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
അതേസമയം, ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചകളില്‍ തുടങ്ങി ചൊവ്വാഴ്ച അവസാനിക്കുന്ന രീതിയില്‍ എല്ലാ ആഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ നടപടി. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നുണ്ട്.
നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.
യു.പിയിലെ ഒമ്പത് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും പതിനാല് ദിവസത്തെ ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കണമെന്നും കോടതി അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക