| Tuesday, 28th March 2023, 11:15 am

'സവർക്കർ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ രാഹുൽ ​ഗാന്ധി അതിന് തെളിവ് കൊണ്ടുവരൂ'; രാഹുൽ ​ഗാന്ധിക്കെതിരെ സവർക്കറുടെ കൊച്ചുമകൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സവർക്കർക്കെതിരായ പരാമർശങ്ങളിൽ രാഹുൽ ​ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി.ഡി സവർക്കറുടെ കൊച്ചുമകൻ. ബ്രിട്ടീഷുകാരോട് സവർക്കർ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് കാണിക്കാനും രഞ്ജിത് സവർക്കർ പറഞ്ഞു.

രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന്. എന്ത് അടിസ്ഥാനത്തിലാണ് രാഹുൽ ​ഗാന്ധി അത്തരം പരാമർശം നടത്തിയത്? സവർക്കർ ബ്രിട്ടീഷുകാരോട് അങ്ങനെ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ രാഹുൽ ​ഗാന്ധിയോട് അതിന്റെ തെളിവുകൾ സമർപ്പിക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്.

തങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിക്കാൻ വേണ്ടി രാജ്യസ്നേഹികളുടെ പേര് ദുരുപയോ​ഗം ചെയ്യുന്നത് ശരിയല്ല. രാഹുൽ ​ഗാന്ധിക്കെതിരെ കർശന നടപടി സ്വീകരിക്കണം, രഞ്ജിത് സവർക്കർ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പാണ് രാഹുൽ ​ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്നും അയോ​ഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. മോദി എന്ന പേരിനെ കുറിച്ച് നടത്തിയ പരാമർശത്തെ ചോദ്യം ചെയ്തായിരുന്നു നടപടി.

2019ലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശത്തിനെതിരെ ബി.ജെ.പി നേതാവ് പൂർണേഷ് മോദി പരാതി നൽകുകയും കേസെടുക്കുകയുംം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്.

വിധി വന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടി സപീക്കർക്ക് പരാതി ലഭിച്ചിരുന്നു.

സുപ്രീം കോടതിയുടെ വിധി പ്രകാരം രണ്ട് വർഷമോ അതിൽ അധികമോ ശിക്ഷ ലഭിച്ചവർ അയോഗ്യരാകുമെന്നും ഇപ്രകാരം രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെടണമെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ സ്പീക്കർ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ലോക്സഭാം​ഗത്വം റദ്ദാക്കിയ നടപടിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ രാജ്യത്തെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. താൻ ആരോടും മാപ്പ് പറയില്ലെന്നും മാപ്പ് പറയാൻ തന്റം പേര് സവർക്കർ എന്നല്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു.

സവർക്കർ പരാമർശത്തിനെതിരെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ ​രം​ഗത്തെത്തിയിരുന്നു. സവർക്കർ ദൈവതുല്യനാണെന്നും അദ്ദേഹത്തിനെതിരായ പരാമർശത്തെ പൊറുക്കാനാകില്ലെന്നുമായിരുന്നു താക്കറെയുടെ പരാമർശം. ഇതിന് പിന്നാലെ രാഹുൽ ​ഗാന്ധിയും താക്കറെയും കൂടിക്കാഴ്ചക്കൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Content Highlight: Prove Savarkkar apologised; says Savarkar’s grandson to Rahul Gandhi

We use cookies to give you the best possible experience. Learn more