'ബര്‍ഫി ഒറിജിനല്‍ തന്നെ'
Movie Day
'ബര്‍ഫി ഒറിജിനല്‍ തന്നെ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th September 2012, 11:54 am

ബോളിവുഡില്‍ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട   ബര്‍ഫി എന്ന ചിത്രം മറ്റ് പല ചിത്രങ്ങളില്‍ നിന്നും അടിച്ചുമാറ്റിയതാണെന്ന ആരോപണത്തിനെതിരെ സംവിധായകന്‍ അനുരാഗ് ബസു.

ബര്‍ഫിയിലെ ഒരു രംഗം പോലും മറ്റ് ചിത്രങ്ങളില്‍ നിന്നും കടമെടുത്തതല്ലെന്നും നൂറ് ശതമാനം ഒറിജിനലാണെന്നുമാണ് അനുരാഗ് പറയുന്നത്.[]

“ബര്‍ഫിയുടെ പ്രമേയം ബര്‍ഫിയ്ക്ക് വേണ്ടി മാത്രം എഴുതിയതാണ്. മറ്റ് ചിത്രങ്ങളിലെ ഒന്നും ബര്‍ഫിയില്‍ ഉപയോഗിച്ചില്ലെന്ന് എനിയ്ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും.

ചിത്രത്തിലെ ചില രംഗങ്ങള്‍ക്ക് മറ്റ് ചില സിനിമയിലെ രംഗങ്ങളുമായി സാമ്യമുണ്ട്. അത് സമ്മതിക്കുന്നു. എന്നാല്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

ചിത്രത്തിന്റെ തിരക്കഥ വളരെ പണിപ്പെട്ടാണ് എഴുതിയത്. മറ്റ്  ചിത്രങ്ങളില്‍ നിന്നും കോപ്പിയടിക്കാനാണെങ്കില്‍ അത്രയേറെ പാടുപെടേണ്ടതില്ലല്ലോ”- അനുരാഗ് ചോദിക്കുന്നു.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ പോലും കോപ്പിയടിച്ചതാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അത് വെറും കള്ള പ്രചരണമാണ്. ഒരു സംവിധായകനും മറ്റൊരു ചിത്രത്തിലെ രംഗങ്ങളെ സ്വന്തം സിനിമയിലെ ക്ലൈമാക്‌സ് ആയി ഉപയോഗിക്കില്ല. സാമ്യം യാദൃശ്ചികം മാത്രം-അനുരാഗ് ബസു പറയുന്നു.

ബര്‍ഫിയുടെ തീം സോങ് തന്നെ 2001 ല്‍ പുറത്തിറങ്ങിയ എമിലീ എന്ന ചിത്രത്തിലെ ഗാനരംഗത്ത് നിന്നും കടമെടുത്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ ചിത്രത്തിലെ ശ്രദ്ധേയമായ മിക്ക രംഗങ്ങളും ചാര്‍ളി ചാപ്ലിന്‍ സിനിമകളില്‍ നിന്നുള്ളതാണ്.

പ്രതിമയുടെ ചുവട്ടില്‍ കിടന്നുറങ്ങുന്ന റണ്‍ബീര്‍ കപൂര്‍, വാതില്‍ കളി, ആശുപത്രിക്കിടക്കയിലെ ക്ലൈമാക്‌സ് സീന്‍ അങ്ങനെ സിനിമയിലെ ശ്രദ്ധേയമായ എല്ലാ രംഗങ്ങളും പല ലോകപ്രശസ്ത സിനിമകളില്‍ നിന്നും അടിച്ചുമാറ്റിയെന്നതാണ് വാദം.  എന്നാല്‍ സംവിധായകന്‍ പറയുന്നത് പോലെ ഇതെല്ലാം വെറും യാദൃശ്ചികം എന്ന് പറഞ്ഞ് സമാധാനിക്കാം.

ഇനി എന്തായാലും ചിത്രം ബോളിവുഡില്‍ ഹിറ്റാവുകയും മുടക്കിയ കാശിന്റെ നാലിരട്ടി തിരിച്ച് കിട്ടുകയും ചെയ്തു, ഇനി ഇപ്പോള്‍ അടിച്ച് മാറ്റിയതാണെങ്കിലും അല്ലെങ്കിലും സംവിധായകനും നിര്‍മാതാവും ഹാപ്പിയാണെന്ന് സാരം.