ആദ്യ ബ്രിട്ടീഷ് ഏഷ്യൻ പ്രധാനമന്ത്രി ആയതിൽ അഭിമാനം: ഋഷി സുനക്
World News
ആദ്യ ബ്രിട്ടീഷ് ഏഷ്യൻ പ്രധാനമന്ത്രി ആയതിൽ അഭിമാനം: ഋഷി സുനക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th October 2023, 8:23 pm

ലണ്ടൻ: യു.കെ ഒരു റേസിസ്റ്റ്‌ രാജ്യമല്ലാത്തതിന് തെളിവാണ് ഇന്ത്യൻ വംശജനായ താൻ ബ്രിട്ടന്റെ പ്രധാനമന്ത്രി ആയതെന്ന് ഋഷി സുനക്. തന്റെ നിറം ബ്രിട്ടനിൽ ഒരു പ്രശ്നമല്ലെന്നും പാർട്ടി നേതാവെന്ന നിലയിൽ ആദ്യമായി പങ്കെടുക്കുന്ന കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

‘ഇത് ഒരു റേസിസ്റ്റ്‌ രാജ്യമാണെന്ന് പറയാൻ ആരെയും നിങ്ങൾ അനുവദിക്കരുത്, കാരണം അതല്ല,’ അദ്ദേഹം പറഞ്ഞു.

കുടിയേറ്റ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി സ്ഥാനം പോലും വച്ചുനീട്ടുന്നവരാണ് കൺസർവേറ്റീവ് പാർട്ടിയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘എങ്ങനെയാണ് ഇംഗ്ലണ്ടിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് കൺസർവേറ്റീവ് പാർട്ടി തെറ്റായ വംശത്തിൽ പെട്ട ആൾക്ക് നൽകിയത് എന്നറിയാൻ ഒരു അമേരിക്കൻ മാസിക യോർക് ഷെയറിലേക്ക് ഒരു റിപ്പോർട്ടറെ അയച്ചു. അവരുടെ മുൻധാരണകൾ ഒരിക്കലും നമ്മുടെ രാജ്യത്തിലേക്ക് കൊണ്ടുവരരുതായിരുന്നു. യോർക് ഷെയറിലെ ആളുകൾക്ക് എന്റെ നിറത്തിലായിരുന്നില്ല താല്പര്യം, മറിച്ച് എന്റെ സ്വഭാവത്തിലായിരുന്നു,’ സുനക് പറഞ്ഞു.

ആദ്യത്തെ ബ്രിട്ടീഷ് ഏഷ്യൻ പ്രധാനമന്ത്രി ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും അതിലേറെ അഭിമാനം അതൊരു വലിയ സംഭവമല്ല എന്നതിലുമാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൺസർവേറ്റീവ് പാർട്ടിയാണ് അത് സംഭവിക്കാൻ കാരണമെന്നും ലേബർ പാർട്ടി അല്ല എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Proud To Be First British Asian Prime Minister: Rishi Sunak