| Monday, 24th January 2022, 3:04 pm

ഒരു സി.പി.ഐ.എം സൈബര്‍ ടെററിസ്റ്റ് ആയതില്‍ അഭിമാനിക്കുന്നു: പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കായംകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബുവിനും കെ റെയിലിനെതിരെ കവിത എഴുതിയ കവി റഫീക്ക് അഹമ്മദിനെതിരെയുമുള്ള സി.പി.ഐ.എം സൈബര്‍ ആക്രമം അംഗീകരിക്കാനാകില്ലെന്ന കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

കുറിപ്പിന് താഴെ സി.പി.ഐ.എം അണികളുടെ സൈബര്‍ ആക്രമത്തിനെ സൂചിപ്പിക്കാനായി സി.പി.ഐ.എം ടെറര്‍, സി.പി.ഐ.എം സൈബര്‍ ടെറര്‍ എന്നായിരുന്നു സതീശന്‍ ഹാഷ് ടാഗ് നല്‍കിയിരുന്നത്. എന്നാലിപ്പോള്‍, ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍.

ഒരു സി.പി.ഐ.എം സൈബര്‍ ടെററിസ്റ്റ് ആയതില്‍ അഭിമാനിക്കുന്നു (Proud To Be a CPI.M Cyber Terrorist) എന്നാണ് സതീശന് മറുപടിയായി അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. പോസ്റ്റിന് കടപ്പാടായി വി.ഡി. സതീശനെയാണ് അദ്ദേഹം മെന്‍ഷന്‍ ചെയ്യുന്നുമുണ്ട്.

അന്യന്റെ സ്വരം സംഗീതമായി വരും എന്നൊക്കെ പാടി നടക്കുന്ന ഈ ആക്രമണകാരികളുടെ കൂട്ടം, തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും പറയുന്നവരെ കായികമായും അല്ലാതെയും നേരിട്ടും യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

വി.ഡി. സതീശന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം

വ്യത്യസ്തവും പരസ്പര വിരുദ്ധവും പലപ്പോഴും പരസ്പര പൂരകവുമായ ശബ്ദങ്ങളുടെ മിശ്രണമാണ് ജനാധിപത്യം. ബഹുസ്വരതയാണ് അതിന്റെ കരുത്ത്. നിലപാടുകളുടെ വസന്തമാണത്, നിരന്തരമായ ആശയ വിനിമയവും സംഭാഷണവും പഠനവുമാണ്. ദളിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ അരികുകളിലേക്ക് തള്ളപ്പെടുന്ന ജീവിതങ്ങളുടെ അതിജീവനവുമാണ്. ജനാധിപത്യം ഒരു നാള്‍ ഈ രാജ്യത്ത് പൊട്ടി മുളച്ചതല്ല. നൂറ്റാണ്ടിലേറെ നീണ്ട മഹത്തായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഗുണഫലമാണ്.

‘തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരേ
കുരു പൊട്ടി നില്‍ക്കുന്ന നിങ്ങളോടുള്ളതു കരുണ മാത്രം, വെറുപ്പില്ലൊരശേഷവും.’
പ്രിയകവി റഫീഖ് അഹമ്മദിന് ഈ വരികള്‍ കുറിക്കേണ്ടി വന്നത് കടുത്ത മനോവേദനയുടേയും ഒപ്പം പ്രതിഷേധത്തിന്റയും ഭാഗമായാകും.

അസഹിഷ്ണുതയുടെ മൊത്തവ്യാപാരികള്‍ സെല്‍ഭരണവും ഗൂണ്ടായിസവും കടുപ്പിക്കുകയാണ്. അന്യന്റെ സ്വരം സംഗീതമായി വരും എന്നൊക്കെ പാടി നടക്കുന്ന ഈ ആക്രമണകാരികളുടെ കൂട്ടം, തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും പറയുന്നവരെ കായികമായും അല്ലാതെയും നേരിട്ടും യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തുകയാണ്.

അന്‍പത്തിരണ്ട് വെട്ട് വെട്ടി കൊല്ലുന്ന ക്രൂരതയുടെ പുതിയ പാഠങ്ങള്‍ ചമക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് കവി റഫീക്ക് അഹമ്മദിന് നേരെയുള്ള സി.പി.ഐ.എം സൈബര്‍ ആക്രമണവും വെര്‍ച്വല്‍ ഹിംസയും. സില്‍വര്‍ ലൈനിനെതിരെ കവിതയിലൂടെ പ്രതികരിച്ചതാണ് റഫീക്ക് അഹമ്മദ് ചെയ്ത പാതകം. പാര്‍ട്ടി കോടതി വിധിച്ച ശിക്ഷ സൈബര്‍ ക്രിമിനലുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. നാട്ടിലിപ്പോഴും ജനാധിപത്യമുള്ളതു കൊണ്ട് പ്രിയ കവിയെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അയയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് സൈബര്‍ ലോകത്ത് ശിക്ഷാവിധി നടപ്പാക്കുന്നു.

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന അരിതാ ബാബുവിനും അവരെക്കുറിച്ച് തെരഞ്ഞെടുപ്പു വാര്‍ത്ത ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെയും ഏതാനും ദിവസങ്ങളായി സൈബര്‍ സഖാക്കളുടെ അക്രമവും അസഭ്യവര്‍ഷവും തുടരുകയാണ്. ഇക്കൂട്ടരില്‍ മുഖമുള്ളവരും മുഖമില്ലാത്തവരുമുണ്ട്. സ്വന്തമായി പേരുള്ളവരും പേരില്ലാത്തവരുമുണ്ട്. വ്യാജ പ്രൊഫൈലുകള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കൊടും ക്രിമിനലുകളാണിവര്‍. നവോഥാനം, സ്ത്രീപക്ഷ കേരളം, തുല്യനീതി, മനുഷ്യാവകാശം, പൊളിറ്റിക്കല്‍ കറക്ട്നസ്, നിറയെ ചുവന്ന പൂക്കള്‍, ചുവന്ന പ്രഭാതം, മനുഷ്യനാകണം… ഇങ്ങനെയൊക്കെ പറയുമ്പോള്‍ എന്തൊരു മാന്യതയും സഹിഷ്ണുതയും മനുഷ്യസ്നേഹവും ആണ് നിങ്ങള്‍ക്ക്. പക്ഷെ പ്രവൃത്തിയില്‍ മനുഷ്യത്വത്തിന്റെ കണിക തീരെയില്ല.

നിങ്ങള്‍ക്ക് മനുഷ്യര്‍ കടന്നുവന്ന വഴികളോ അവരുടെ അതിജീവനമോ അവരുടെ മനോഗതിയോ പരിഗണനാ വിഷയമേയല്ല. എതിര്‍ സ്വരങ്ങളോടെല്ലാം നിങ്ങള്‍ക്ക് അസഹിഷ്ണുതയാണ്. മുന്നണിയില്‍ ഒപ്പമിരിക്കുന്ന സി.പി.ഐയുടെ നേതാക്കളെ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്നതും എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ലൈംഗികമായും ജാതീയമായും ആക്രമിക്കുകയും ചെയ്യുന്നത് ഈ അസഹിഷ്ണുതയുടെ ഭാഗമാണ്. സാമാന്യമര്യാദയുടെ എല്ലാ പരിധികളും ലംഘിക്കുന്ന ആക്രമണമാണ് സൈബറിടങ്ങളിലും നിങ്ങള്‍ നടപ്പാക്കിപ്പോരുന്നത്.

വ്യാജ പ്രൊഫൈലുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നവരാണെങ്കിലും അവിടെയെല്ലാം ചുവപ്പും ചെന്താരകവും മുഖ്യമന്ത്രിയുടെ മുഖവും നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും പാര്‍ട്ടിക്കോ നേതൃത്വത്തിനോ ഒഴിയാനാകില്ല. സ്വന്തമായി അഭിപ്രായമോ രാഷ്ട്രീയ നിലപാടോ ശബ്ദമോ എഴുത്തോ ഉള്ളവരെ അപമാനിക്കാം. കൊല്ലാം… നശിപ്പിക്കാം… അസഹിഷ്ണുതയുടെ ഒരു കോടി ചുവന്ന പൂക്കള്‍ വിരിയിക്കാം. അങ്ങനെ മനുഷ്യനാകാം… മധുര മനോഹര മനോജ്ഞ കേരളം സൃഷ്ടിക്കാം.
ലാല്‍സലാം

CONTENT HIGHLIGHTS:  Proud To Be a CPIM Cyber Terrorist,  Credits:Leader Of Opposition, PV Anvar
We use cookies to give you the best possible experience. Learn more