| Thursday, 12th April 2018, 9:21 am

കോമണ്‍വെല്‍ത്ത് ഹൈജമ്പില്‍ സ്വര്‍ണ്ണം നേടി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സഹോദരന്‍ ബ്രാണ്ടന്‍ സ്റ്റാര്‍ക്; പ്രകടനം കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

ഗോള്‍ഡ് കോസ്റ്റ്: മിച്ചല്‍ സ്റ്റാര്‍ക്കെന്ന പേരിനു കായിക ലോകത്ത് കൂടുതല്‍ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. ഓസീസ് ക്രിക്കറ്റ് ടീമിന്റെ കുന്തമുനയായ സ്റ്റാര്‍ക്ക് കഴിഞ്ഞ ഏതാനം നാളുകളായി ടീമിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ സ്റ്റാര്‍ക് കുടുംബത്തിലെ മറ്റൊരു താരമാണ് ഇന്ന് ഓസ്‌ട്രേലിയയുടെ അഭിമാനമായി മാറിയിരിക്കുന്നത്.

ഗോള്‍ഡ് കോ്‌സ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജമ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സഹോദരന്‍ ബ്രാണ്ടന്‍ സ്റ്റാര്‍ക്കാണ് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയിരിക്കുന്നത്. 2.32 മീറ്റര്‍ ചാടിയാണ് ബ്രാണ്ടന്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

1994 നു ശേഷമുള്ള ഓസ്‌ട്രേലിയയുടെ ആദ്യത്തെ ഹൈജമ്പ് സ്വര്‍ണ്ണമാണ് ബ്രാണ്ടന്‍ നേടിയിരിക്കുന്നത്. തന്റെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡായിരുന്നു ബ്രാണ്ടന്‍ ഗെയിംസില്‍ സ്ഥാപിച്ചിരിക്കുന്നത്. 2015 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച 2.31 മീറ്ററായിരുന്നു താരത്തിന്റെ ഇതിനു മുന്നേയുള്ള റെക്കോര്‍ഡ്.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാര്യ അലെസ ഹീലിയും ക്രിക്കറ്റ് താരമാണ്. ന്യൂ സൗത്ത് വൈല്‍സ് താരമായ അലൈസ ഓസീസ് ദേശീയ ടീമിലെ ശ്രദ്ധേയ താരമാണിപ്പോള്‍. ഓസീസിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇയാന്‍ ഹീലിയുടെ അനന്തിരവളുമാണ് അലൈസ.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായ ബ്രാണ്ടന്റെ സഹോദരന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കുകാരണം ഈ സീസണില്‍ കളിക്കുന്നില്ല. ദക്ഷിണാഫ്രിക്കകെതിരായ നാലം ടെസ്റ്റിലും ഈ ഫാസ്റ്റ് ബൗളര്‍ കളിച്ചിരുന്നില്ല.

വലത് കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം കളിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. 9.4 കോടി രൂപ മുടക്കിയായിരുന്നു ഈ വര്‍ഷത്തെ ഐ.പി.എല്‍ ലേലത്തില്‍ കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്.

We use cookies to give you the best possible experience. Learn more