| Sunday, 3rd December 2017, 7:26 pm

വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം; സ്വന്തം വാഹനത്തില്‍ കയറനാകാതെ മുഖ്യമന്ത്രി മടങ്ങിയത് കടകംപള്ളിയുടെ വാഹനത്തില്‍

എഡിറ്റര്‍

വിഴിഞ്ഞം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞം കടല്‍തീരത്ത് മത്സ്യത്തൊഴിലാളികളെ കാണാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം. ദുരന്തമുണ്ടായി ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.

വിഴിഞ്ഞത്തെത്തിയ മന്ത്രി കനത്ത പൊലീസ് വലയത്തില്‍ പള്ളിയില്‍ എത്തിയെങ്കിലും തിരിച്ചിറങ്ങിയ സമയത്ത് പൊലീസുകാര്‍ക്ക് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയായിരുന്നു.

പ്രതിഷേധത്തെത്തുടര്‍ന്ന സ്വന്തം ഔദ്യോഗിക വാഹനത്തിനടുത്ത് എത്താന്‍ കഴിയാതിരുന്ന മുഖ്യമന്ത്രി ദേവസ്വം മന്ത്രി കടകംപള്ളിയുടെ വാഹനത്തില്‍ കയറിയാണ് മടങ്ങിയത്. റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരനും കടകംപള്ളിയും ഈ വാഹനത്തില്‍ തന്നെയാണ് സ്ഥലത്ത് നിന്നു മടങ്ങിയത്.

മുഖ്യമന്ത്രി പൂന്തുറ സന്ദര്‍ശിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പമാണ്. ഇനിയും വേണ്ടത് ചെയ്യും. തിരച്ചില്‍ സംഘങ്ങളില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ കെ.വാസുകി എന്നിവരോടൊപ്പമായിരുന്നു മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more