ന്യൂദല്‍ഹി: അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്മിത മേനോനെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പങ്കെടുപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശകാര്യമന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി പങ്കജ് മിശ്രക്ക് ഈ പരാതി കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി അരുണ്‍ പി ചാറ്റര്‍ജിയില്‍ നിന്നും ഓഫീസ് വിശദീകരണം തേടിയത്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയാണ് നടപടി.
അബുദാബി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന് വി. മുരളീധരന്‍ അനുമതി നല്‍കിയത് വിദേശകാര്യ മന്ത്രാലയത്തിത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങള്‍ ലംഘിച്ചാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
മാധ്യമപ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായുളള നിബന്ധനകളൊന്നും പാലിക്കാതെയാണ് മാധ്യമ പ്രവര്‍ത്തകപോലുമല്ലാത്ത സ്മിതാ മോനോനെ വി. മുരളീധരന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താനല്ല അനുവാദം നല്‍കിയതെന്നായിരുന്നു വിഷയത്തില്‍ വി. മുരളീധരന്‍ ആദ്യം പ്രതികരിച്ചത്. പിന്നീട് സ്മിതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ മുരളീധരന്‍ നിലപാട് മാറ്റി. തനിക്കെതിരെ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിക്ക് പ്രധാനമന്ത്രി മറുപടി നല്‍കുമെന്ന മുരളീധരന്റെ പ്രസ്താവനയും ബി.ജെ.പി കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
മന്ത്രിമാരുടെ വിദേശ യാത്രകളില്‍ പി.ആര്‍ ഏജന്റിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് നയതന്ത്ര വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.
മാധ്യമ പ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് വ്യക്തമായ ചട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിച്ചു കൊണ്ടാണ് അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സ്മിത മേനോന്‍ പങ്കെടുത്തത്.
വിദേശരാജ്യത്തേക്ക് മന്ത്രിമാര്‍ പോകുമ്പോള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതില്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാല്‍ പി.ആര്‍ ഏജന്റിനെ കൊണ്ടുപോകാന്‍ ധനകാര്യമന്ത്രാലയം അനുമതി നല്‍കില്ലെന്നാണ് നയതന്ത്ര രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്മിതാ മോനോനെ പരിപാടിയില്‍ പങ്കെടുപ്പിച്ച സംഭവത്തില്‍ ബി.ജെ.പിയിലും അഭിപ്രായ ഭിന്നതയുണ്ട്. പാര്‍ട്ടിയില്‍ പ്രവര്‍ത്തന പരിചയമില്ലാത്ത വ്യക്തിയായ സ്മിതാ മോനോന്‍ എങ്ങനെ മഹിളാ മോര്‍ച്ചാ നേതൃസ്ഥാനത്തേക്കെത്തിയെന്നതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്.
വര്‍ഷങ്ങളുടെ പരിചയമുള്ള ആളുകളെ തഴഞ്ഞുകൊണ്ട് പുനസംഘടന നടത്തിയതില്‍ നിലവില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നുണ്ട്. നാളെ തുടങ്ങുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ചയാകും.
നേരത്തെ പുനസംഘടന നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തിന് തിരികെ എത്തിയ ശേഷം പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു പദവിയും നല്‍കിയിരുന്നില്ല. ഗവര്‍ണറായി പോയ ശ്രീധരന്‍പിള്ളയ്ക്ക് പകരം കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.
കുമ്മനത്തിന് ക്യാബിനറ്റ് മന്ത്രി പദവി നല്‍കണമെന്നും ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ. സുരേന്ദ്രന്‍ വന്നത് മുതല്‍ പാര്‍ട്ടിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നേരത്തെ ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇതിനെ തഴഞ്ഞാണ് മുരളീധരന്‍ പക്ഷത്തിന്റെ നേതാവ് കൂടിയായ കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
അതേസമയം ഏഴുമാസത്തിലേറെയായി ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ വിട്ടു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക