തൃശൂര്‍: കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് മതച്ചടങ്ങുകള്‍ നടത്താന്‍ ശ്രമിച്ചതിനെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്നതിനെതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ആരോഗ്യ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ എം.എല്‍.സി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മെയ് 16 വരെ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ ശക്തമായി പാലിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 35,801 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,70,33,341 സാമ്പിളുകളാണ് പരിശോധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക