വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു.
പൊലീസ് ക്രൂരതകള്‍ക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരേയും അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ശക്തിപ്പെടുകയാണ്.
പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനും പ്രതിഷേധക്കാരെ നേരിടുന്നതിനും മിലിട്ടറി പൊലീസിനെ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെന്റഗണിനോട് ആവശ്യപ്പെട്ടു.
പല നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും പൊലീസിനെ വിന്യസിച്ചും പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കര്‍ഫ്യു പ്രഖ്യാപിച്ച നഗരങ്ങളിലും പ്രതിഷേധം ശക്തിപ്പെടുകയാണ്. പല സംസ്ഥാനങ്ങളിലും നാഷണല്‍ ഗാര്‍ഡ് ട്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ട്.
മിനിയാപോളിസില്‍ മുഴുവാനായും നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാര്‍ പ്രതിജ്ഞ എടുത്തു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരില്‍ ഒരാള്‍ക്കെതിരെ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് മൂന്ന് പേര്‍ക്കെതിരേയും കേസുകളൊന്നും ചുമത്തിയിട്ടില്ല.
ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തെരുവുകളില്‍ ഇറങ്ങിയ ജനങ്ങളോട് തുടക്കം മുതല്‍ക്കുതന്നെ മനുഷ്യത്വ രഹിതമായ നിലപാടുകളാണ് ട്രംപ് സ്വീകരിച്ചുവരുന്നത്.
മഹത്തായ അമേരിക്കന്‍ നഗരങ്ങളില്‍ നടക്കുന്ന ഈ പ്രതിഷേധങ്ങള്‍ക്കു നേരെ കയ്യുംകെട്ടി താന്‍ നോക്കി നില്‍ക്കില്ലെന്നും പ്രതിഷേധം തുടര്‍ന്നാല്‍ വെടിവെച്ചുകൊല്ലുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു.