ബലാത്സംഗക്കേസ്; കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്ന ശക്തി ബില്‍ വൈകിപ്പിക്കരുത്: എന്‍.സി.പി
national news
ബലാത്സംഗക്കേസ്; കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്ന ശക്തി ബില്‍ വൈകിപ്പിക്കരുത്: എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2024, 5:51 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബലാത്സംഗ കേസുകളില്‍ കുറ്റവാളികളായവരെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ആവശ്യപ്പെടുന്ന ‘ശക്തി ബില്‍’ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധം. ലോക്‌സഭാ എം.പി സുപ്രിയ സുലെ ഉള്‍പ്പെടെയുള്ള എന്‍.സി.പി നേതാക്കളാണ് ബി.ജെ.പി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന് മുമ്പാകെയാണ് വനിതാ നേതാക്കള്‍ പ്രതിഷേധം നടത്തിയത്.

ശക്തി ബില്‍ പാസാക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഉടനെ സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സര്‍ക്കാര്‍ ഭരണത്തിലിരുന്നപ്പോള്‍ ശക്തി ബില്‍ നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായി സുപ്രിയ സുലെ ചൂണ്ടിക്കാട്ടി.

ഈ ബില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ദല്‍ഹിയിലേക്ക് അയക്കുകയും ചെയ്തു. മുന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖാണ് ഇതിന്റെ നടപടികളുമായി മുന്നോട്ടുപോയത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഈ ബില്ലില്‍ ഒരു മറുപടിയും നല്‍കിയില്ലെന്നുമാണ് സുപ്രിയ സുലെ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഭരണം കൈയാളുന്നത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. കേന്ദ്രം ഭരിക്കുന്നതും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരാണ്. ആയതിനാല്‍ ശക്തി ബില്‍ പാസാക്കാന്‍ മറ്റു തടസങ്ങള്‍ ഒന്നും തന്നെയില്ലെന്നും സുപ്രിയ സുലെ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിനും ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വനിതാ നേതാക്കള്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തക്കതായ ഒരു തീരുമാനമെടുക്കില്ലെന്നും സുപ്രിയ സുലെ പറയുകയുണ്ടായി.

ബില്‍ പാസാക്കുന്നതില്‍ പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യവുമായി തങ്ങള്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്യുമെന്നും സുപ്രിയ സുലെ അറിയിച്ചു.

മഹാ വികാസ് അഘാടി സര്‍ക്കാര്‍ മൂന്ന് തവണയാണ് പ്രസ്തുത ബില്‍ ദല്‍ഹിയിലേക്ക് അയച്ചതെന്ന് അനില്‍ ദേശ്മുഖും പ്രതികരിച്ചു. എന്നാല്‍ ശക്തി ബില്‍ പാര്‍ലമെന്റില്‍ കെട്ടികിടക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബലാത്സംഗ കേസുകളില്‍ കുറ്റവാളികളായവര്‍ക്ക് വധശിക്ഷ വിധിക്കുന്നതില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ഗവര്‍ണറുടെ വസതിക്ക് മുമ്പാകെ പ്രതിഷേധം നടത്തുമെന്നും ദേശ്മുഖ് പറഞ്ഞു.

അതേസമയം ഓഗസ്റ്റ് 13ന് ബദ്‌ലാപൂരിൽ നഴ്‌സറി വിദ്യാര്‍ത്ഥികളായ മൂന്നും നാലും വയസുള്ള രണ്ട് പെണ്‍കുട്ടികളെ സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ലൈംഗികമായി ആക്രമിച്ചതിനെ പിന്നാലെ മഹാരാഷ്ട്രയില്‍ വ്യപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

പെണ്‍കുട്ടികളിലൊരാള്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മിച്ചതോടെയാണ് അതിക്രമ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പരാതിയുമായി സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കളൈ പതിനൊന്ന് മണിക്കൂര്‍ ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനില്‍ കാത്തുനില്‍പ്പിച്ചു.

കൂടാതെ പ്രതിയുടെ പേരില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിക്കുകയും ചെയ്തു. ഒടുവില്‍ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയത്. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ശക്തി ബില്‍ പാസാക്കണമെന്ന ആവശ്യം ശക്തമാക്കുന്നത്.

Content Highlight: Protests over delay in ‘Shakti Bill’ seeking death penalty for rape convicts in Maharashtra