| Friday, 14th September 2012, 7:33 am

ഇസ്‌ലാം വിരുദ്ധ സിനിമയുടെ പ്രദര്‍ശനം: അമേരിക്കയ്‌ക്കെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ/കൈറോ: ലിബിയയില്‍ ഇസ്‌ലാം വിരുദ്ധ സിനിമ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിഷേധവും സംഘര്‍ഷവും മധ്യപൗരസ്ത്യ ദേശങ്ങളിലും ആഫ്രിക്കയിലെ വടക്കന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഈജിപ്ത്, യമന്‍, ഇറാന്‍, ടുണീഷ്യ, സുഡാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രതിഷേധം വ്യാപിച്ചത്. ഫലസ്തീനില്‍ ഹമാസ് നേതൃത്വം നല്‍കുന്ന ഗാസയിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. []

അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപണമുള്ള അമേരിക്കന്‍ സിനിമ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ലിബിയയിലെ അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെട്ടിരുന്നു. ബന്‍ഗാസിലെ യു.എസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അമേരിക്കന്‍ സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവെന്‍സനും നാല് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.

യമന്‍ തലസ്ഥാനം സനയില്‍ യു.എസ് എംബസിയ്ക്കുനേരെ നടന്ന പ്രതിഷേധ പ്രകടനത്തോടെ പ്രക്ഷോഭം ശക്തമാകുകയായിരുന്നു. ഈ പ്രതിഷേധ പ്രകടനത്തില്‍ അമേരിക്കയുടെ ദേശീയ പതാക പ്രക്ഷോഭകര്‍ കത്തിച്ചിരുന്നു. ” ഡെത്ത് ടു അമേരിക്ക” എന്ന മുദ്രാവാക്യം മുഴക്കി എംബസിയുടെ ജനല്‍ചില്ലകള്‍ തകര്‍ക്കുകയും എംബസിയ്ക്കുനേരെ കല്ലെറിയുകയും ചെയ്തു.

യമന്‍ സുരക്ഷാ സൈന്യം ഉടന്‍ സ്ഥലത്തെത്തി പ്രക്ഷോഭകരെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. 45മിനിറ്റോളം എടുത്താണ് പ്രക്ഷോഭകരെ ഇവര്‍ ഒഴിപ്പിച്ചത്. സമീപ പ്രദേശങ്ങളും യു.എസ് എംബസിയും സീല്‍ ചെയ്യുകയും ചെയ്തു. അമേരിക്കയുമായുള്ള യമന്റെ അടുത്ത ബന്ധം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് യമന്‍ പ്രസിഡന്റ് പറഞ്ഞു. യു.എസ് എംബസിയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹം യു.എസ് പ്രസിഡന്റ് ബറാക് ഒബാമയോട് ഖേദപ്രകടനം നടത്തുകയും ചെയ്തു.

യമനിന് പുറമേ ഈജിപ്തിലും യു.എസ് വിരുദ്ധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. ഈജിപ്തില്‍ യു.എസ് എംബസിയ്ക്ക് സമീപം നടന്ന പ്രതിഷേധ പ്രകടനത്തില്‍ 200ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാനായി കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ സൈന്യത്തിനുനേരെ കല്ലേറുണ്ടായി. അര്‍ധരാത്രി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 13 പോലീസുകാര്‍ക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി ഈജിപ്ത് ആഭ്യന്തരമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കുശേഷം പ്രവാചകനെ നിന്ദിയ്ക്കുന്ന സിനിമയ്‌ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ ഭരണകക്ഷിയായ മുസ്‌ലീം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിട്ടുണ്ട്.

കലാപത്തെ തുടര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി സിനിമയെ കടുത്ത ഭാഷയില്‍ അപലപിച്ചു. പ്രവാചകനെതിരായ അവഹേളനത്തെ ഈജിപ്ഷ്യന്‍ ജനത തള്ളിക്കളയുന്നതായും ഇത്തരത്തിലുള്ള പ്രവണതകളെ എതിര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രസ്സല്‍സില്‍ സന്ദര്‍ശനം നടത്തുന്ന മുര്‍സി ഈജിപ്ഷ്യന്‍ ടെലിവിഷനിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. അതേസമയം രാജ്യത്തിന് പുറത്തുനിന്നുള്ള സന്ദര്‍ശകരെയും അതിഥികളെയും സംരക്ഷിക്കേണ്ട ചുമതല പൗരന്മാര്‍ക്കുണ്ടെന്നും ഈജിപ്ഷ്യന്‍ നിയമത്തിന് വിധേയരായി എല്ലാവരും ശാന്തരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംബസികള്‍ക്ക് നേരെ ആക്രമണം നടത്തരുതെന്നും മുര്‍സി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാക്കില്‍ ബാഗ്ദാദിലെ യു.എസ് എംബസി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിനാളുകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നടന്ന യു.എസ് വിരുദ്ധ പ്രകടനത്തില്‍ 500ലധികം പേര്‍ പങ്കെടുത്തു. അമേരിക്കക്കും സിനിമയുടെ സംവിധായകനും മരണം വിധിക്കുകയെന്ന മുദ്രാവാക്യവുമായി നീങ്ങിയ പ്രതിഷേധ പ്രകടനം പൊതുവെ സമാധാനപരമായിരുന്നു. ടെഹ്‌റാനില്‍ അമേരിക്കന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വിസ്സ് എംബസിയിലേക്കായിരുന്നു പ്രകടനം.

അതിനിടെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി ഇസ്രായേലില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് യൂട്യൂബില്‍ നിന്ന് സിനിമയുടെ രംഗങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു. കലാപം സൃഷ്ടിക്കാനായി സിനിമയുടെ ഭാഗങ്ങള്‍ വിതരണം ചെയ്തുവെന്ന കുറ്റത്തിന് ഒമ്പത് കോപ്റ്റിക് ക്രിസ്റ്റ്യന്‍ വിഭാഗക്കാരെ കൈറോയിലെ വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more