| Saturday, 18th June 2022, 11:50 am

ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ച് അഗ്നിപഥ് പ്രതിഷേധം; കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധവുമായി യുവാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയിലെ പ്രതിഷേധങ്ങള്‍ ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് പ്രതിഷേധം നടക്കുന്നത്. അഗ്നിപഥ് എന്ന നിയമനരീതിയിലേക്ക് പോകേണ്ടതില്ല എന്ന നിലപാടാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. തിരുവനന്തപുരം രാജ്ഭവനിലേക്ക് നൂറിലധികം വരുന്ന ഉദ്യോഗാര്‍ത്ഥികളാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

എഴുത്തുപരീക്ഷയ്ക്ക് മുന്‍പ് നടക്കേണ്ട ഫിറ്റ്‌നെസ് പരീക്ഷയും മറ്റ് കടമ്പകളും പൂര്‍ത്തിയാക്കിയവരാണ് പ്രതിഷേധവുമായി സംസ്ഥാനത്ത് തെരുവിലിറങ്ങിയിരിക്കുന്നത്. പലപ്പോഴായി മാറ്റിവെച്ച എഴുത്തുപരീക്ഷ ഉടന്‍ നടത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

ഒന്നര വര്‍ഷമായി സൈന്യത്തിന് വേണ്ട പരിശീലനങ്ങള്‍ തുടരുന്നവരാണ് തങ്ങളെന്നും അതിനിടെ അഗ്നിപഥ് നടപ്പിലാക്കുന്നത് നീതിയല്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

2021 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ സൈനിക റിക്രൂട്ടമെന്റ് റാലി കോഴിക്കോടും തിരുവനന്തപുരത്തും നടത്തിയിരുന്നു. ഇതില്‍ നിന്ന് 5000പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് എഴുത്തുപരീക്ഷ നടത്താമെന്ന് പറഞ്ഞെങ്കിലും തുടര്‍ച്ചയായി വിവിധ കാരണങ്ങള്‍ നിരത്തി പരീക്ഷ മാറ്റിവെക്കുകയായിരുന്നു.

ചെന്നൈയില്‍ രാജ്ഭവനു മുന്നിലാണ് യുവാക്കള്‍ പ്രതിഷേധവുമായെത്തിയത്. സൈനിക പരിശീലനം കഴിഞ്ഞ് മടങ്ങുന്ന നൂറോളം പേരാണ് രാജ്ഭവനു മുന്നില്‍ പ്രതിഷേധമറിയിച്ച് തടിച്ചുകൂടിയത്.

ചെന്നൈയില്‍ യുവാക്കളുടെ പ്രതിഷേധം അപ്രതീക്ഷിതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തിനുള്ള സാഹചര്യങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

സൈന്യത്തില്‍ ചേരാന്‍ കാലങ്ങളായി കഠിനമായ പരിശീലനം നടത്തുന്നവരാണ് തങ്ങളെന്നും പദ്ധതി തങ്ങളുടെ പരിശ്രമങ്ങള്‍ക്കു നേരെയുള്ള തിരിച്ചടിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ നേരത്തെ തന്നെ പദ്ധതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങള്‍ രൂക്ഷമായിരുന്നു. ബിഹാര്‍, യു.പി, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി മുന്നേറുകയാണ്.

Content Highlight: protests over agneepath spreads to south india says report

We use cookies to give you the best possible experience. Learn more