| Tuesday, 2nd October 2018, 4:07 pm

ശബരിമല സ്ത്രീപ്രവേശനം: കേരളത്തില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പന്തളം: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ വിവിധ ഹിന്ദു സംഘടനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധയോഗം നടത്തുന്നു. മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, രാഹുല്‍ ഈശ്വര്‍ എന്നിവരാണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ശബരിമല ആചാരങ്ങള്‍ക്കെതിരെയുള്ള വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം രാജകൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ഇന്ന് അയ്യപ്പ സംരക്ഷണ ദിനമായി ആചരിക്കും.
പന്തളത്ത് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു. ഇന്ന് രാവിലെ 11ന് ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തളത്ത് എം.സി.റോഡ് ഉപരോധിച്ചു. സംരക്ഷണ സമിതിയുടെ ജില്ലാ പ്രസിഡന്റ് ജി. പൃഥി പാല്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.

Also Read:  നല്ലൊരുദിനം ബി.ജെ.പി. നശിപ്പിച്ചു; കര്‍ഷകറാലിക്കുനേരെയുള്ള അക്രമങ്ങളെ അപലപിച്ച് രണ്‍ദിപ് സുര്‍ജെവാല

വൈകിട്ട് മൂന്നിന് പന്തളം മെഡിക്കല്‍ മിഷന്‍ ജംഗ്ഷനില്‍ നിന്നും ശബരിമലയുടെ മൂലസ്ഥാനമായ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് നാമജപയാത്ര നടന്നു. എന്നാല്‍, പ്രതിഷേധ പരിപാടികളില്‍ നിന്നും ബി.ജെ.പി വിട്ടുനില്‍ക്കുകയാണ്.

തിരുവനന്തപുരത്ത് നിയമസഭയ്ക്ക് സമീപമുള്ള ഒ.ടി.സി ഹനുമാന്‍ ക്ഷേത്രത്തില്‍ “മഹാത്മ ഗാന്ധി മുതല്‍ മണികണ്ഠന്‍ വരെ” എന്ന കാമ്പയിന്റെ ഭാഗമായി ഉപവാസയജ്ഞവും പ്രാര്‍ത്ഥനകളും നടക്കുന്നു. കൊച്ചി വൈറ്റിലയില്‍ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചു. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. പാലക്കാട് അയ്യപ്പ സ്തുതി പാടിയെത്തിയ ഒരു കൂട്ടം ആളുകള്‍ വാഹനങ്ങള്‍ തടഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more