national news
ശക്തമായി തിരിച്ചടിക്കും; ഭയപ്പെട്ട് ഒരിഞ്ച് പോലും ഞങ്ങള്‍ പുറകോട്ട് പോകില്ല: കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 21, 12:02 pm
Tuesday, 21st June 2022, 5:32 pm

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഈ ധിക്കാരപരമായ നടപടിക്കെതിരെ അനുദിനം പോരാടുമെന്നും പ്രതിഷേധം ഇനിയും ശക്തിപ്പെടുത്തുമെന്നും കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു.

‘പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അനുദിനം ശക്തിപ്പെടുകയേ ഉള്ളൂ. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിന്ന് ഞങ്ങള്‍ പിന്നോട്ട് പോകില്ല. കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്താലും തിരിച്ചടിക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭയപ്പെട്ട് ഒരിഞ്ച് പുറകിലോട്ട് പോകില്ല,’ കെ.സി. വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇ.ഡിയുടെ ദുരുദ്ദേശ്യപരമായ രാഷ്ട്രീയ പകപോക്കലിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിന് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും, പ്രതിഷേധിക്കുന്നവരെ അറിയാത്ത സ്ഥലങ്ങളിലേക്ക് പൊലീസ് മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിഷേധിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഒഴികെയുള്ള മുഴുവന്‍ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

സംഘര്‍ഷത്തിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ നിലത്തുവീഴുകയുണ്ടായി. അറസ്റ്റ് ചെയ്തവരെ കയറ്റിയ പൊലീസ് വാനിന് മുകളില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ മുന്നോട്ടുനീങ്ങിയ വാഹനത്തിനു മുന്‍പില്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ നിലത്തുകിടന്നു തടഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് പറഞ്ഞു കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിങ്ങിപ്പൊട്ടി.

എ.ഐ.സി.സി ആസ്ഥാനത്തിന് മുന്‍പില്‍ ഇപ്പോഴും വന്‍ പൊലീസ് സന്നാഹം തുടരുകയാണ്. അറസ്റ്റിലായവരെ യു.പി, ഹരിയാന അതിര്‍ത്തികളിലുള്ള പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Protests intensify against General Secretary Rahul Gandhi’s interrogation in National Herald case